22 December Sunday

നാടൊന്നാകെ മാണിയാട്ടേക്ക്

പി മഷൂദ്Updated: Sunday Nov 17, 2024

മാണിയാട്ട്‌ എൻ എൻ പിള്ള സ്‌മാരക നാടക മത്സരം കാണാനെത്തിയ ജനക്കൂട്ടം

തൃക്കരിപ്പൂർ 
മാണിയാട്ട് കോറസ് കലാ സമിതി ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പതിനൊന്നാമത് എൻ എൻ പിള്ള സ്മാരക നാടക മത്സരം മൂന്നുദിനം പിന്നിട്ടതോടെ വൻ ജനപ്രവാഹമാണ് മാണിയാട്ടേക്ക് എത്തുന്നത്. നാടകം കാണാൻ എത്തുന്ന തെക്കൻ ജില്ലക്കാരല്ലാം മാണിയാട്ടുകാരുടെ സൗഹൃദക്കാരായി മാറുകയാണ്‌. 
സ്നേഹം പകിട്ട് കൊടുക്കുന്ന നാടക ഗ്രാമത്തിൽ എത്തുന്ന അന്യദേശക്കാരായ നാടക പ്രേമികൾക്ക് എന്തന്നില്ലാത്ത അനുഭൂതിയാണ് ഈ നാട് സമ്മാനിക്കുന്നത്. ഭരതൻ പിലിക്കോട് ദൃശ്യാവിഷ്കാരം നിർവ്വഹിച്ച സംഗീത ശിൽപത്തോടെയായിരുന്നു ഇത്തവണത്തെ മത്സരത്തിന് വേദി ഉയർന്നത്. 
ഉത്തരകേരളത്തിലെ ആദ്യത്തെ സാമൂഹികസംഗീത നാടകമായ വിദ്വാൻ പി കേളുനായരുടെ  ‘വിവേകോദയം അഥവാ ജാനകീപരിണയം' ആദ്യം അവതരിപ്പിച്ചത്‌ 1927-ല്‍ മാണിയാട്ടാണ്‌.  കേളുനായരെ കൂടാതെ സി എം കുഞ്ഞിക്കണ്ണന്‍ നായര്‍, പുറവങ്കര പാക്കത്തുവളപ്പില്‍ കൃഷ്ണന്‍ നായര്‍, കിഴക്കേ വീട്ടില്‍ ചിണ്ടന്‍, പുറവങ്കര ചാത്തുനായര്‍, എം അമ്പുപണിക്കര്‍, സി ഉക്കാരന്‍ നമ്പ്യാര്‍ തുടങ്ങിയവർ ആ നാടകത്തിൽ വേഷമിട്ടു. 
1950-–-70 കാലത്താണ് മാണിയാട്ടെ നാടകരംഗം ഏറ്റവും സക്രിയമായത്. സാംസ്‌കാരിക കലാസമിതി നിരവധി നാടകങ്ങള്‍ അവതരിപ്പിച്ചു. 1967-ല്‍ മാണിയാട്ട് ഫ്രന്‍ഡ്‌സ് ആര്‍ട്‌സ് ബ്യൂറോ തിരുവനന്തപുരത്ത് പി കെ വിക്രമന്‍ നായര്‍ ട്രോഫിക്കായുള്ള അഖിലകേരള നാടകമത്സരത്തില്‍ 'തീപ്പൊരി' എന്ന നാടകം അവതരിപ്പിച്ചു. രചനയ്ക്കും അവതരണത്തിനുമുള്ള സമ്മാനങ്ങള്‍ നേടി.  എം വി കോമന്‍ നമ്പ്യാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നാടകത്തില്‍ അഭിനയിച്ചു. മാണിയാട്ടെ നാടകപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രധാന സ്ഥാപനങ്ങളാണ് വിജ്ഞാനദായിനി വായനശാലയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക കലാസമിതി, ലേബേഴ്‌സ് ക്ലബ്‌, ജോളി ആര്‍ട്‌സ് ക്ലബ്‌, ഗ്യാലക്‌സി, കോറസ് മാണിയാട്ട് തുടങ്ങിയവ.
തിരഞ്ഞെടുപ്പ് കാലഘട്ടങ്ങളില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനുവേണ്ടിയും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും മാണിയാട്ട് നാടകങ്ങള്‍ അവതരിപ്പിച്ചു. നഷ്ടക്കച്ചവടം, കല്യാണമോതിരം, ശാപരശ്മി, സൂപ്പര്‍ ഫൈന്‍, ബലി, ശരം, ഗ്രാമം, സൂര്യവൃത്തം, ഇതാ മനുഷ്യന്‍, തകര്‍ന്ന തറവാട്, അഗ്‌നിവലയം, വിശുദ്ധ പാപം, അന്ധകാരം എന്നിവ ഇവയിൽ പ്രധാനപ്പട്ടതാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top