കാസർകോട്
പുരുഷന്മാർപോലും കടന്നുവരാൻ മടിക്കുന്ന മേഖലയാണ് പട്ടിപിടുത്തം. എന്നാൽ ആലപ്പുഴ ചേർത്തല സ്വദേശിനി സ്‌മിത മനോജ് പട്ടിപിടുത്തം തൊഴിലാക്കി ഈ മേഖലയിൽ തന്റെ വൈദഗ്‌ധ്യം തെളിയിച്ചിരുക്കുകയാണ്. നാൽപത്തിരണ്ടുകാരിയായ സ്‌മിതയും കൂട്ടുകാരും മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം പട്ടികളെ പിടികൂടി പ്രതിരോധ കുത്തിവയ്‌പ്പ് നൽകി. 2018ൽ മാവേലിക്കരയിലെ എബിസി സെന്ററിൽ സർജറി അസിസ്റ്റന്റായാണ് തുടക്കം. തെരുവുനായകളെ പിടികൂടി പ്രതിരോധ കുത്തിവയ്‌പ്പ് നൽകുന്നതിനൊപ്പം ആവശ്യമായ പരിചരണം നൽകുന്നതിലും സ്‌മിതയുടെ മികവാണ് ഈ മേഖലയിൽ പിടിച്ചുനിർത്തിയത്. കാസർകോട് ജില്ലയിലെ ഒമ്പത് പഞ്ചായത്തുകളിൽ രണ്ടായിര-ത്തിലധികം തെരുവുനായ്‌ക്കളെ ഇതിനകം പിടികൂടി കുത്തിവയ്‌പ്പെടുത്ത് വിട്ടയച്ചു.
ജില്ലയിൽ പ്രൊഫഷണൽ നായപിടുത്തക്കാർ ഇല്ലാതായതോടെയാണ് സ്മിതയും കൂട്ടരും കാസർകോടെത്തിയത്. ഇവരുടെ സാന്നിധ്യം തെരുവുനായ്‌ക്കൾക്കുള്ള പ്രതിരോധ കുത്തിവയ്‌പ്പ് കാര്യക്ഷമമാക്കി. മികച്ച "ഡോഗ് ക്യാച്ചർ' എന്ന നിലയിൽ പേരുകേട്ട സ്‌മിത സംസ്ഥാനത്തെ അംഗീകൃത വനിതാ പ്രൊഫഷണലുകളിൽ ഒരാളെന്ന നിലയിലും തിളങ്ങുന്നു.
കാസർകോട് എത്തുംമുമ്പ് കോട്ടയത്തും വെറ്ററിനറി സർജറി അസിസ്റ്റന്റായി ജോലിചെയ്‌തു. ദിവസം നൂറ് നായ്‌ക്കളെയെങ്കിലും പടികൂടി പേവിഷബാധ പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുന്നുണ്ട്. "കൃപ ചേർത്തല' എന്നപേരിൽ പട്ടിപിടിത്ത സംരംഭം നടത്തുന്ന സ്‌മിതയ്‌ക്ക് സഹായിയായി ഡി ദിലീപ്‌കുമാർ, ജയൻ, ബിൻസാദ് എന്നിവരും ഒപ്പമുണ്ട്. ഭർത്താവ് മനോജും മക്കളായ ആകാശും ആദർശും മികച്ച പിന്തുണയാണ് നൽകുന്നതെന്ന് സ്‌മിത പറയുന്നു.
കൂടുതൽപേർക്ക്
പരിശീലനം നൽകും
പേടികൂടാതെ നായ്‌ക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുന്നതിൽ വൈദഗ്‌ധ്യം പുലർത്തുന്ന സ്‌മിത മികച്ച മാതൃകയാണ് ഈ രംഗത്ത് സൃഷ്ടിച്ചത്. വെല്ലുവിളി നിറഞ്ഞ റോൾ ഏറ്റെടുക്കാൻ പലരും മടിക്കുമ്പോഴാണ് ഇവരുടെ നേതൃത്വത്തിൽ മുന്നോട്ടുപോകുന്നത്. പട്ടിപിടുത്തത്തിൽ കൂടുതൽപേർക്ക് പരിശീലനം നൽകി ഈ മേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമം മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുത്തിട്ടുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ പി കെ മനോജ്‌കുമാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..