പാക്കം
പള്ളിക്കര പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ ചെർക്കാപാറയിലെ പഞ്ചായത്ത് മിനി സ്റ്റേഡിയം ആധുനികവൽക്കരിച്ച് സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെ ഒരുക്കണമെന്ന ആവശ്യം ശക്തം. കുട്ടികളും യുവജനങ്ങളും ഉൾപ്പെടെ നിരവധി പേർ കായിക വിനോദത്തിനും പരിശീലനത്തിനും ആശ്രയിക്കുന്ന സ്റ്റേഡിയം പരിമിതിയിൽ വീർപ്പുമുട്ടുകയാണ്.
പാക്കം –- പെരിയ റോഡിനോട് ചേർന്ന് ചെർക്കാപാറ ജിഎൽപി സ്കൂളിന് സമീപം സ്ഥിതിചെയ്യുന്ന സ്റ്റേഡിയത്തിൽ ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും അത് പൂർണമായും ഉപയോഗപ്പെടുത്താൻ കഴിയാത്ത അവസ്ഥ. പള്ളിക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് എം കുഞ്ഞിരാമൻ മുൻകൈയെടുത്ത് നിർമിച്ചതാണ് സ്റ്റേഡിയം. പിന്നീട് 2017-–-18 വർഷത്തിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷം രൂപ ചിലവിൽ നവീകരിക്കുകയും ഗ്യാലറി നിർമിക്കുകയും ചെയ്തു.
സ്റ്റേഡിയം വികസനം പൂർണമാവാൻ ഇനിയും നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. മഴവെള്ളം കുത്തിയൊലിച്ച് സ്റ്റേഡിയത്തിന്റെ മധ്യഭാഗത്ത് കെട്ടിക്കിടക്കുകയും ഇതുകാരണം ചെളിക്കെട്ട് രൂപപ്പെടുകയും ചെയ്യുന്നു. ഇത് പലപ്പോഴും സ്റ്റേഡിയം ഉപയോഗിക്കുന്നതിന് തടസമാകുന്നു. മത്സരങ്ങൾക്കിടയിൽ തെന്നി വീണ് പരിക്കേൽക്കുന്നത് നിത്യസംഭവം. കായിക പ്രതിഭകളാൽ സമ്പന്നമായ പത്തോളം യുവജന ക്ലബ്ബുകൾ സ്റ്റേഡിയത്തിന്റെ ചുറ്റുവട്ടത്ത് പ്രവർത്തിക്കുന്നു. ഇവയുടെയെല്ലാം കായിക പരിശീലനങ്ങൾക്കും പ്രവർത്തനങ്ങൾക്കും വേദിയാണ് സ്റ്റേഡിയം.
വിജയവാഡയിൽ നടന്ന ഓപ്പൺ നാഷണൽ മീറ്റിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച മേഘ സുമീഷ്, ഫുട്ബോൾ താരം സി കെ സുജിൽ മോൻ, സർവകലാശാല മീറ്റിലും സംസ്ഥാന സ്കൂൾ കായികമേളയിലും മികച്ച പ്രകടനം കാഴ്ചവച്ച കെ സുകേഷ്, എൻ കെ അക്ഷയ, എൻ കെ അഖില, ആർ കീർത്തന, തേജാ കല്ല്യാൺ എന്നിവർ സ്റ്റേഡിയത്തിന്റെ സംഭാവനയാണ്. സ്റ്റേഡിയത്തെ ആധുനിക രീതിയിൽ വികസിപ്പിച്ച് സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെ ഒരുക്കണമെന്ന അഭിപ്രായമാണ് നാട്ടുകാർക്ക്. സ്റ്റേഡിയം വികസിപ്പിച്ചാൽ നാടിന്റെ കായിക മുന്നേറ്റത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..