നീലേശ്വരം
അഴിത്തലയിൽ മീൻ പിടിത്ത ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയാണ് കടൽ തകർത്തെറിഞ്ഞത്. ഒപ്പം രണ്ട് ജീവനും.
കടമെടുത്തും സ്വർണാഭരണം പണയം വച്ചും സ്വരുക്കൂട്ടിയും വാങ്ങിയ ബോട്ടും മീൻപിടുത്ത ഉപകരണങ്ങളും നഷ്ടമായ പരപ്പനങ്ങാടി സ്വദേശികളായ ഐ പി റിയാസ്, കെ സി കോയ മോൻ, ഷെഫീഖ് മടക്കര എന്നിവർ സഹോദരങ്ങളെപ്പോലെ കരുതിയ പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ മനസ് തകർന്ന് നിലയിലാണ്. വ്യാഴം പകൽ മൂന്നോടെ കരയ്ക്കടിഞ്ഞ ബോട്ടിന്റെ ഭാഗങ്ങളും വലയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കരയ്ക്കെത്തിച്ചു.
നെഞ്ചുലച്ചു മുന്ന് വർഷം മുമ്പാണ് മൂന്നു പേരും ചേർന്ന് ലൈലന്റ് വള്ളം കടലിലിറക്കിയത്. ഇത്തവണ നഷ്ടമില്ലാതെ മീൻ ലഭിച്ചിരുന്നുവെന്ന് ഉടമകളിലൊരാളായ ഷെഫീഖ് മടക്കര പറഞ്ഞു. 15 ലക്ഷത്തോളം വിലവരുന്ന വലകളാണ് അപകടത്തിൽ നശിച്ചത്.
വള്ളം പൂർണമായി തകർന്നു. എല്ലാം കൂടി 45 ലക്ഷത്തോളം രൂപയുടെ നഷ്ടം. വള്ളം വാങ്ങിയ ശേഷം ഇതുവരെ അപകടവുമുണ്ടായിട്ടില്ല. ഇത് നെഞ്ചുലച്ചുവെന്ന് ഷെഫീഖ് പറഞ്ഞു.
മുനീറിന്റെ മൃതദേഹം കണ്ടെത്തിയത് പുഞ്ചാവി കടപ്പുറത്ത്
തീരദേശ പൊലീസും നാവികസേനയും ഫിഷറീസ് വകുപ്പും നാട്ടുകാരും ചേർന്ന് സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് അഴിത്തലയിൽ മീൻ പിടിത്ത ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ മുജീബ് എന്ന മുനീറിന്റെ (47) മൃതദേഹം കണ്ടെത്തിയത്. പുഞ്ചാവി കടപ്പുറത്ത് നാട്ടുകാരാണ് മൃതദേഹം വ്യാഴാഴ്‌ച വൈകിട്ട് കണ്ടെത്തിയത്. മടക്കര തുറമുഖത്തേക്ക് വരുമ്പോൾ ബുധൻ പകൽ മൂന്നിനാണ് തിരയിൽപെട്ട് ബോട്ട് മറിഞ്ഞത്. 37 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ മലപ്പുറം ചെറുപുരക്കൽ അബൂബക്കർ കോയ ബുധനാഴ്‌ച മരിച്ചിരുന്നു. മുനീറിന്റെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണം രണ്ടായി.
മുനീറിനായി വ്യാഴം രാവിലെ മുതൽ കൊച്ചിയിലെ സൗത്ത് ഇന്ത്യൻ നേവൽ കമാന്റന്റിന്റെ ഒരു കപ്പലും ഐഎൻഎസ് ജമ്ന ബോട്ടും മിനി എയർക്രാഫ്റ്റും ബേപ്പൂരിൽനിന്നും കോസ്റ്റ് ഗാർഡിന്റെ 36 അംഗ ബോട്ടും ഫിഷറീസിന്റെ റെസ്ക്യൂ ബോട്ടും തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസും തിരച്ചിൽ നടത്തിയിരുന്നു. തഹസിൽദാർ ടി ജയപ്രസാദ്, ഡെപ്യൂട്ടി തഹസിൽദാർ ടി രാജേഷ് എന്നിവർ സ്ഥലത്തെത്തി. മത്സ്യത്തൊഴിലാളികളും തിരച്ചിലിൽ പങ്കെടുത്തു. പരിക്കേറ്റ് ജില്ല ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരെ നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ വി ഗൗരി, പി ഭാർഗവി എന്നിവർ സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..