18 October Friday

കഥകൾ ഓർത്തെടുത്ത്‌ കാരണവക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിന്റെ ഭാഗമായി കയ്യൂർ -ചീമേനി പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി സംഘടിപ്പിച്ച കാരണവക്കൂട്ടം

ചീമേനി
"അമ്പലവും കാവും കുളവും വയലും അരയാലും ഒറ്റ ഫ്രെയിമിൽ കിട്ടുന്ന അപൂർവം സ്ഥലങ്ങളിൽ ഒന്നായതുകൊണ്ടാണ്  കുമ്മാട്ടി സിനിമയുടെ ചിത്രീകരണത്തിന് ചീമേനി തെരഞ്ഞെടുത്തത് ."വിഖ്യാത സംവിധായകൻ ജി അരവിന്ദൻ സിനിമാ ചിത്രീകരണ വേളയിൽ പറഞ്ഞത് വർഷങ്ങൾക്കിപ്പുറം ഓർത്തുപറയുകയാണ് ചീമേനിയിലെ ചേനൻ രാമൻ. 
ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിന്റെ ഭാഗമായി കയ്യൂർ -ചീമേനി പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി  സംഘടിപ്പിച്ച  കാരണവക്കൂട്ടത്തിൽ ചീമേനി കാവിലെയും സമീപ വയലിലെയും അമ്പലക്കുളത്തിലെയും ജൈവവൈവിധ്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അധികമാരും അറിയാത്ത പഴയ സിനിമാക്കഥ തൊണ്ണൂറ്റി മൂന്നുവയസ്സായ അദ്ദേഹം വെളിപ്പെടുത്തിയത്. 
"ജൈവ വൈവിധ്യങ്ങളുടെ കലവറയായ ചീമേനിയിലെ കുന്നും പാറയും കാവും കുളവും കാടും വയലും ഒക്കെത്തന്നെയാണ് അടുത്ത കാലത്തായി കൂടുതൽ പേരെ സിനിമാ ചിത്രീകരണത്തിനായി ചീമേനിയിൽ എത്തിക്കുന്നതും. രാമേട്ടൻ പറഞ്ഞതിനോട് മറ്റുള്ളവർ കൂട്ടിച്ചേർത്തു.
കുന്നിൻപ്രദേശത്തെ കാടുവെട്ടിത്തെളിച്ച്  പൊനം കൃഷി നടത്തിയതിന്റെ ഓർമയും പലരും പങ്കുവച്ചു.  ചീമേനി പയ്യറാട്ട്, പൊതാവൂർ പ്രദേശങ്ങളിലെ വയലുകളിൽ നെൽക്കൃഷിക്ക്‌ പുറമെ ഒന്നും രണ്ടും വിള കഴിഞ്ഞ്  ചെറുപയർ, വൻപയർ, ഉഴുന്ന് തുടങ്ങിയ പയറുവർഗങ്ങളും വ്യാപകമായി കൃഷി ചെയ്തിരുന്നു.  
നാടിന്റെ കാർഷിക ചരിത്രവും സംസ്കാരവും നാട്ടറിവും പുതുതലമുറയ്ക്ക് പകരാൻ  ജൈവ വൈവിധ്യ റജിസ്റ്റർ സമഗ്രമാക്കുന്നതിലൂടെ കഴിയുമെന്ന് കാരണവക്കൂട്ടം വിലയിരുത്തി. പണ്ടുകാലത്ത്   സമൃദ്ധമായിരുന്ന ഔഷധസസ്യങ്ങളും  മരങ്ങളും കണ്ടെത്തി സംരക്ഷിക്കുന്നതിനും  നട്ടുവളർത്തുന്നതിനും കർമപരിപാടി ആവിഷ്കരിക്കണമെന്നും പാരമ്പര്യ വൈദ്യന്മാരായ ജനാർദ്ദനൻ, തമ്പാൻ എന്നിവർ അഭിപ്രായപ്പെട്ടു.   
സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ നിർദേശപ്രകാരം പത്തു വർഷം മുമ്പ് തയ്യാറാക്കിയ ജൈവ വൈവിധ്യ രജിസ്റ്റർ പുതിയ വിവരംകൂടി ഉൾപ്പെടുത്തി കാലാനുസൃതമായി പുതുക്കുന്നതിന്റെ ഭാഗമായി  സംഘടിപ്പിച്ച രണ്ടാമത്തെ കാരണവക്കൂട്ടം  പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എ ജി അജിത്ത്കുമാർ ഉദ്ഘാടനംചെയ്തു. 
പഞ്ചായത്തംഗം എം ശ്രീജ അധ്യക്ഷയായി. വി കെ ശോഭന, ഒയോളം നാരായണൻ, പി രവീന്ദ്രൻ എന്നിവർ  നേതൃത്വം നൽകി. കെ ചന്ദ്രൻ  സ്വാഗതവും കെ എം കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top