കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്ടും അജാനൂരിലും വീടുകളിൽ പൈപ്പ് വഴി നേരിട്ട് പാചകവാതകം എത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. സിറ്റി ഗ്യാസ് പദ്ധതി പ്രകാരമുള്ള പ്രവൃത്തി അവസാനഘട്ടത്തിലാണ്. കാഞ്ഞങ്ങാട് നഗരത്തിൽ അലാമിപ്പള്ളി വരെയുള്ള പൈപ്പിടൽ പൂർത്തിയായി. മറ്റ് ഭാഗങ്ങളിൽ പ്രവൃത്തി ദ്രുതഗതിയിൽ നടന്നുവരുന്നു.
വെള്ളിക്കോത്ത് ആലിങ്കാൽ റോഡിൽ ഗാർഹിക കണക്ഷൻ നൽകുന്നതിനുള്ള കുഴിയെടുക്കൽ ത്വരിതഗതിയിലാണ്. മണ്ണിന്റെ ഘടനയനുസരിച്ച് ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്ത് പോളി എത്തിലിൻ പൈപ്പാണ് സ്ഥാപിക്കുന്നത്. ആലിങ്കാൽ റോഡിന്റെ അനുബന്ധ റോഡുകളിൽ ഉപഭോക്താക്കളുടെ എണ്ണം കണക്കാക്കി വ്യത്യസ്ത ഘടനയിലുള്ള പൈപ്പുകളായിരിക്കും സ്ഥാപിക്കുക. 60, 32, 30 എംഎം പൈപ്പുകളാണ് ഉപയോഗിക്കുന്നത്. 20 എംഎം പൈപ്പ് ഉപയോഗിച്ച് വീടുകളിൽ ഗ്യാസ് കണക്ഷൻ നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. പൈപ്പിടൽ നേരത്തെ തുടങ്ങിയതാണെങ്കിലും മഴ കാരണം ഇടയ്ക്ക് നിർത്തിവച്ചു. മാവുങ്കാൽ, വെള്ളിക്കോത്ത്, മഡിയൻ വഴി ചന്ദ്രഗിരി റോഡിലേക്ക് പ്രധാന ലൈനിലൂടെ പാചകവാതകമെത്തിക്കുന്നത് കോട്ടപ്പാറയിലെ വിതരണ സ്റ്റേഷൻ വഴിയാണ്.
മഡിയനിൽ നിന്നും വടക്കോട്ട് നീങ്ങി കാസർകോട്ടേക്കും തെക്കോട്ട് കാഞ്ഞങ്ങാട് ഭാഗത്തേക്കും പാചകവാതകമെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. കാസർകോട് ചന്ദ്രഗിരിപ്പാതയിൽ ചിത്താരി മുതൽ വടക്കോട്ടുള്ള ഒമ്പത് കിലോ മീറ്റർ ഒഴികെ കാസർകോട് നഗരം ഉൾപ്പെടെയുള്ള ഭാഗത്തെ പൈപ്പിടലും പൂർത്തീകരിച്ചു. 2025 ഫെബ്രുവരിയിൽ വീടുകളിലേക്കുള്ള കണക്ഷൻ നൽകാനാകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..