കാസർകോട്
നഗരത്തിൽനിന്നും ദിവസവും ശുചീകരണ തൊഴിലാളികൾ ശേഖരിക്കുന്ന മാലിന്യങ്ങൾ തള്ളുന്നത് സ്വകാര്യവ്യക്തിയുടെ പറമ്പിലും കിണറ്റിലും. കാസർകോട് നഗരത്തിലെ മുഴുവൻ മാലിന്യവും കുറച്ചുനാളുകളായി തള്ളുന്നത് കാസർകോട് എം ജി റോഡിനും മീൻമാർക്കറ്റിനും പിറകിലുള്ള ആളൊഴിഞ്ഞ പറമ്പിലാണ്.
രാത്രിയിലാണ് നഗരത്തിൽ നിന്നും ശേഖരിച്ച മാലിന്യമാണ് ഇങ്ങനെ തള്ളുന്നത്.
നഗരത്തിനോട് ചേർന്ന് ജലസ്രോതസ് നിലനിന്നിരുന്ന കിണർ വേനൽകാലത്ത് വറ്റിയതോടെ സമീപത്തെ വാടക വീട്ടിലെ താമസക്കാർ ഒഴിഞ്ഞുപോയി. ഇതോടെയാണ് ആരും കാണില്ലെന്ന ഉറപ്പിൽ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് നഗരസഭാ ആരോഗ്യവിഭാഗം കിണറ്റിൽ മാലിന്യം തള്ളാൻ തുടങ്ങിയത്. കിണർ സ്ഥിതിചെയ്യുന്ന ആളൊഴിഞ്ഞ പറമ്പിന് ചുറ്റും കെട്ടിടങ്ങളുടെ മറവുള്ളതിനാൽ രാത്രിയിലെ മാലിന്യംതള്ളൽ ആരും ശ്രദ്ധിച്ചുമില്ല.
ജലസ്രോതസുകൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരും മറ്റ് തദ്ദേശസ്ഥാപനങ്ങളും നിരവധി പദ്ധതികൾ നടപ്പാക്കുമ്പോഴാണ് കാസർകോട് നഗരസഭാ ആരോഗ്യവിഭാഗംതന്നെ കുടിവെള്ളം മുട്ടിക്കുന്ന വിധം കിണറ്റിൽ മാലിന്യം നിക്ഷേപിച്ചത്.
സ്ഥലമുടമകൾ പരാതി പറഞ്ഞതിനെ തുടർന്ന് വാർഡ് കൗൺസിലർ ഹസീന നൗഷാദ് നഗരസഭാ അധികൃതരെ വിവരം അറിയിച്ചെങ്കിലും കിണറ്റിൽ മാലിന്യം തള്ളുന്നതിന് മാറ്റമുണ്ടായിട്ടില്ല.
അതേസമയം നഗരം ശുചീകരിച്ച മാലിന്യം കളയാൻ വേറെ മാർഗങ്ങളില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ വാദം. വർഷങ്ങളായി മാലിന്യനിക്ഷേപത്തിന് മാർഗമില്ലെന്നും ദിവസവും ശേഖരിക്കുന്ന മാലിന്യം തള്ളാൻ ഭരണസമിതി ഇടപെട്ട് സൗകര്യമൊരുക്കണമെന്ന് പലതവണ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും തുടർന്നാണ് ആളൊഴിഞ്ഞ കിണറും പറമ്പും ഇതിനായി വിനിയോഗിച്ചതെന്നുമാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..