ചൂരൽമല
മുണ്ടക്കൈയിൽ ഉരുൾപൊട്ടി ചൂരൽമല ടൗണിലേക്ക് മലവെള്ളം ഇരച്ചെത്തുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ടൗണിലെ ‘ഹൈമ’ ബേക്കറി നിർമാണ യൂണിറ്റിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കടയുടെ മുമ്പിലെ കെട്ടിടവും വാഹനവും ഉരുളെടുക്കുന്നത് കാണാം. കടയുടെ ഉള്ളിൽ വെള്ളം കയറുന്നതും സാധനങ്ങൾ ഒഴുകിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ബേക്കറി തൊഴിലാളി മലപ്പുറം സ്വദേശി നാസറിന്റെ രക്ഷപ്പെടലും സിസിടിവിയിൽ പതിഞ്ഞു. ഉരുൾപൊട്ടിയ ജൂലൈ 30ന് പുലർച്ചെ 1.10ന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.
ചൂരൽമല വില്ലേജ് റോഡിലെ കൊടക്കാടൻ അലിയുടെ ബേക്കറിയാണിത്. കട വൃത്തിയാക്കുമ്പോഴാണ് സിസിടിവി നശിക്കാതെ കണ്ടത്. പരിശോധനയിൽ ഉരുൾപൊട്ടി മലവെള്ളമെത്തുന്നതിന്റെ ദൃശ്യങ്ങൾ കിട്ടി. കുറഞ്ഞ സമയത്തെ ദൃശ്യങ്ങളെയുള്ളൂ. ദുരന്തത്തിൽ ബേക്കറി യൂണിറ്റിലെ സാധനങ്ങളും മെഷീനുകളും നശിച്ചു. 60 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി നിഷാദ് അലി പറഞ്ഞു. മുണ്ടക്കൈയിലെ തകർന്ന ജുമാ മസ്‌ജിദിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇതിൽ ജൂലൈ 30 പുലർച്ചെ 1.44വരെ പ്രദേശത്ത് മഴ പെയ്യുന്നതിന്റെ ദൃശ്യമാണുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..