ഭീമനടി
കോട്ടമല എസ്റ്റേറ്റിലെ റബർ ഷീറ്റുണക്കുന്ന പുകപ്പുര കത്തിനശിച്ചു. 50 വർഷം മുമ്പ് നിർമിച്ച വലിയ പുകപ്പുരയും അതിൽ ഉണങ്ങാനിട്ട 2000 ത്തോളം റബർ ഷീറ്റും 750 കിലോ വരുന്ന ഒട്ടുപാലും തീപിടുത്തത്തിൽ പൂർണമായും നശിച്ചു. വ്യാഴം രാത്രി 8.30 ഓടെയാണ് സംഭവം. പുകപ്പുരയുടെ അടുത്ത് താമസിച്ചിരുന്ന എസ്റ്റേറ്റ് ജീവനക്കാരനാണ് കെട്ടിടത്തിനകത്ത് നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ട് ആളുകളെ വിവരമറിയിക്കുന്നത്. ഓടിക്കൂടിയ തോട്ടം തൊഴിലാളികളും, ജീവനക്കാരും, നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അത് ആളിപടർന്നതോടെ ശ്രമം ഉപേക്ഷിച്ചു. പെരിങ്ങോത്തുനിന്ന് എത്തിയ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് കഠിന പ്രയത്നം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിന് സമീപത്തെ തെങ്ങുകൾ ഉൾപ്പെടെ കത്തിനശിച്ചു. 50 വർഷം മുമ്പ് തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്നുള്ള കൽപ്പണിക്കാരും പാലക്കാട് നിന്നുള്ള ആശാരിമാരും ചേര്‍ന്നാണ് 1300 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള പുകപ്പുര നിർമിച്ചത്. ഒരേ സമയം 4200 ഷീറ്റ് ഉണങ്ങിയെടുക്കാം. കരിങ്കൽ ഭിത്തിയിൽ ഓട് മേഞ്ഞ കെട്ടിടം പൂർണമായും തേക്ക് മരത്തിലാണ് നിർമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..