കാഞ്ഞങ്ങാട്
പടന്നക്കാട്ട് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണക്കമ്മൽ തട്ടിയെടുത്ത കേസിന്റെ വിചാരണ നടപടി ഹൊസ്ദുർഗ് പോക്സോ കോടതിയിൽ ആരംഭിച്ചു. പ്രതി കർണാടക കുടക് സ്വദേശി പി എ സലീമിന് കോടതി കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. മെയ് 15ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. മോഷണത്തിനായി വീട്ടിൽ കയറിയ സലീം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഈ സമയം പെൺകുട്ടിയുടെ വല്യച്ഛൻ പശുവിനെ കറക്കാൻ പുറത്തുപോയതായിരുന്നു. വീടിന് 500 മീറ്റർ അകലെ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയും കാതിലെ ആഭരണം കവർച്ച ചെയ്യുകയുമായിരുന്നു. തുടർന്ന് കുട്ടിയെ വഴിയിലുപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. പെൺകുട്ടി തൊട്ടടുത്ത വീട്ടിലെത്തി കോളിങ് ബെല്ലടിച്ചാണ് വീട്ടുകാരോട് സംഭവം പറഞ്ഞത്. ഇതോടെയാണ് വിവരം നാടറിഞ്ഞത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം വിശദമായി പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആന്ധ്രയിൽനിന്നാണ് പിടികൂടിയത്. തട്ടിയെടുത്ത സ്വർണക്കമ്മൽ കൂത്തുപറമ്പിലെ ജ്വല്ലറിയിൽ വിൽപ്പന നടത്തി. തെളിവെടുപ്പിനിടെ പൊലീസ് കമ്മൽ കണ്ടെത്തി. കമ്മൽ വിൽക്കാൻ പ്രതിയെ സഹായിച്ച സഹോദരി സുവൈബ കേസിൽ രണ്ടാം പ്രതിയാണ്. ഹൊസ്ദുർഗ് ഇൻസ്പെക്ടറായിരുന്ന എം പി ആസാദാണ് അന്വേഷണം പൂർത്തിയാക്കി 300 പേജുള്ള കുറ്റപത്രം കൃത്യം നടന്ന് 39ാം ദിവസം കോടതിയിൽ സമർപ്പിച്ചത്. പ്രതിയുടെ ഡിഎൻഎ പരിശോധനാ ഫലമടക്കം 42 ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയിരുന്നു. 67 സാക്ഷികളുണ്ട്.
പ്രതിക്ക് അഭിഭാഷകനെ
നിയോഗിക്കാൻ നിർദേശം
കാഞ്ഞങ്ങാട്
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശി പി എ സലീമിന് ജാമ്യത്തിന് ആളില്ല. സലീം അറസ്റ്റിലായിട്ട് ഏഴുമാസം കഴിഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. വിചാരണാ നടപടിക്കായി പ്രതിയെ ഇടയ്ക്കിടെ ഹൊസ്ദുർഗ് കോടതിയിൽ കൊണ്ടുവരുന്നുണ്ട്. പ്രതി സ്വന്തമായി അഭിഭാഷകനെ നിയോഗിക്കാത്ത സാഹചര്യത്തിൽ പ്രതിക്കായി സർക്കാർ അഭിഭാഷകനെ നിയോഗിക്കാൻ പോക്സോ കോടതി നിർദേശം നൽകി. അഭിഭാഷകനെ തീരുമാനിക്കുന്ന കാര്യം ലീഗൽ അഡ്വൈസറിക്ക് വിട്ടു. സലീമിനെതിരെ മേൽപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലും വിചാരണ നടപടി ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..