കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന കാർഷികോൽപന്ന ഉപകരണ പ്രദർശന വിപണനമേളയായ- ആഗ്രോ കാർണിവൽ 22 മുതൽ 31 വരെ ബേക്കൽ പള്ളിക്കരയിൽ നടക്കും. പെട്രോൾ പമ്പിന് എതിർവശത്ത് സജ്ജമാക്കിയ മൈതാനത്തിലാണ് കാർണിവൽ. കാർണിവല്ലിന് തുടക്കം കുറിച്ച് 22 ന് വൈകിട്ട് നാലിന് പൂച്ചക്കാട് നിന്നും കാർണിവൽ നഗറിലേക്ക് വിളംബര ഘോഷയാത്ര നടക്കും. 23-ന് വൈകിട്ട് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംസാരിക്കും.
സമാപന സമ്മേളനം 31-ന് മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യും. തദ്ദേശ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ജില്ലാ കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെയാണ് കാർണിവൽ.
പരമ്പരാഗത ഉല്പന്നങ്ങൾ, ജൈവവൈവിധ്യ ശേഖരം, അപൂർവ കാഴ്ചവസ്തുക്കൾ, അത്യല്പാദനശേഷിയുള്ള വിത്തുകൾ, തൈകൾ, നൂതന സാങ്കേതിക വിദ്യയിലുള്ള ഉപകരണങ്ങൾ, ഉല്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ഉണ്ടാവും. മലബാറിലെ ഏറ്റവും വലിയ പുഷ്‌പോത്സവം കാർണിവലിന്റെ ആകർഷണമാണ്.
10 ദിവസവും വൈകിട്ട് കലാസാംസ്‌കാരിക പരിപാടി അരങ്ങേറും. 22-ന് വൈകിട്ട് ആറിന് കുടുംബശ്രീ കലാസന്ധ്യ, ഏഴിന് ജയചന്ദ്രൻ കടമ്പനാടും സംഘവും അവതരിപ്പിക്കുന്ന മുളഗീതം പരിപാടി. 23-ന് വൈകിട്ട് ഏഴിന് കണ്ണൂർ സീനത്തും സംഘവും അവതരിപ്പിക്കുന്ന ഇശൽ സന്ധ്യ. 24-ന് വൈകിട്ട് ആറിന് കുടുംബശ്രീയുടെ കലാപരിപാടി, ഏഴിന് പയ്യന്നൂർ എസ്എസ് ഓർക്കസ്ട്രയുടെ ഗാനമേള. 25-ന് അഖിലകേരള കൈകൊട്ടിക്കളി മത്സരം. 26-ന് വൈകിട്ട് ആറിന് കേരളോത്സവ വിജയികളുടെ കലാപ്രകടനം, ഏഴിന് അലോഷിയുടെ ഗസൽ സംഗീതം–- അലോഷി പാടുന്നു, 27-ന് വൈകിട്ട് ആറിന് കുടുംബശ്രീ കലാസന്ധ്യ, ഏഴിന് സുഭാഷ് അറുകരയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടരങ്ങ്-.
വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ഹരികൃഷ്‌ണൻ, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി ഗീത, ഷക്കീല ബഷീർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ ബിന്ദു, എസ് ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..