കാഞ്ഞങ്ങാട്
പ്രവാസി വ്യവസായി പൂച്ചക്കാട്ടെ സി എം അബ്ദുൾ ഗഫൂർ ഹാജിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയാക്കുന്നതിന് വീണ്ടും കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ കോടതിയിൽ ഹരജി നൽകും. കേസിലെ നാല് പ്രതികളെ അറസ്റ്റ് ചെയ്ത കാസർകോട് ഡിസിആർബി ഡിവൈഎസ് പി കെ ജെ ജോൺസൺ മറ്റൊരു കൊലക്കേസിന്റെ സാക്ഷി വിസ്താരത്തിനായി തിരുവനന്തപുരത്തേക്ക് പോയിരുന്നു. വെള്ളിയാഴ്ച അദ്ദേഹം തിരിച്ചെത്തും. അതിനുശേഷം പ്രതികളെ വീണ്ടും കസ്റ്റഡിയിൽ കിട്ടാൻ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്(രണ്ട്) കോടതിയിൽ അപേക്ഷ നൽകും. അബ്ദുൾ ഗഫൂർ ഹാജിയിൽനിന്ന് പ്രതികൾ തട്ടിയെടുത്ത 596 പവൻ സ്വർണത്തിൽ നിന്ന് 100 പവൻ മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്. പത്തുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിട്ടും പ്രതികളെ മൂന്ന് ദിവസത്തേക്ക് മാത്രമാണ് കസ്റ്റഡിയിൽ കിട്ടിയത്. സമയ പരിമിതി കാരണം തെളിവെടുപ്പ് പൂർത്തിയാക്കാനായില്ല. പ്രതികൾ സ്വർണം വിൽപ്പന നടത്തിയ കൂടുതൽ ജ്വല്ലറികളിൽ തെളിവെടുപ്പ് നടത്തേണ്ടതിനാലാണ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..