കാഞ്ഞങ്ങാട്
മടിക്കൈ പഞ്ചായത്തിലെ വാഴക്കോട്, വെള്ളൂട, പ്രദേശങ്ങളിൽ പുലിയിറങ്ങുന്നത് പതിവാകുന്നു. പുലിയെ കണ്ടെത്താൻ വനം വകുപ്പ് അധികൃതരുടെയും നാട്ടുകാരുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ നടത്തി. വാഴക്കോട് ശിവജി നഗറിൽ പ്രവാസിയായ ഉണ്ണിയുടെ വീട്ടിൽ കഴിഞ്ഞ തിങ്കളാഴ്ച പുലിയെത്തിയത് നാട്ടുകാരെ ആശങ്കയിലാക്കി. രാത്രി ഒമ്പതോടെയാണ് വീടിനോട് ചേർന്ന മൺതിട്ട ഭാഗത്ത് അടുക്കള ഭാഗത്തെ മേൽക്കൂരയുടെ മുകളിലേക്ക് പുലി ചാടി വീണത്. വലിയ ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ബഹളം കേട്ടതോടെ സമീപത്തെ കാട്ടിലേക്ക് പുലി ഓടിമറിഞ്ഞു. വെള്ളൂട നെല്ലിയടുക്കത്തെ ബിജുവിന്റെ വീട്ടുമുറ്റത്തും ഞായറാഴ്ച രാത്രി പുലിയെത്തി.
കൂട്ടിലുണ്ടായിരുന്ന പട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ബഹളംവച്ചപ്പോൾ ഓടി മറഞ്ഞു. തുടർച്ചയായി പുലിയെ കണ്ടതിനെ തുടർന്ന് കാഞ്ഞങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ ബാബു പ്രദേശങ്ങളിലെ കാൽപാടുകൾ പരിശോധിച്ചു. കാമറ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിഷ്ണു കൃഷ്ണൻ, ബി ഭവിത്ത്, ഫോറസ്റ്റ് വാച്ചർ മാധവൻ, സുനിൽ സുരേന്ദ്രൻ, സി അനൂപ് എന്നിവ തുടങ്ങിവരും നാട്ടുകാരും പരിശോധനയിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..