22 November Friday

ചന്ദ്രഗിരി പാലത്തിന്‌ സമീപം റോഡ്‌ നവീകരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

കെഎസ്‌ടിപി പാതയിൽ ചന്ദ്രഗിരി പാലത്തിന്‌ സമീപം തകർന്ന ഭാഗം ഇന്റർലോക്ക്‌ ചെയ്യുന്നതിന്‌ മുന്നോടിയായി 
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ കുഴിക്കുന്നു

കാസർകോട്‌
കാസർകോട്‌–- കാഞ്ഞങ്ങാട്‌ കെഎസ്‌ടിപി പാതയിൽ ചന്ദ്രഗിരി പാലത്തിന്‌ സമീപം തകർന്ന ഭാഗത്തെ നവീകരണ പ്രവൃത്തി തുടങ്ങി. സംസ്ഥാന പൊതുമരാമത്ത്‌ വകുപ്പ്‌ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം. പാലത്തിന്‌ സമീപം പുലിക്കുന്ന്‌ റോഡിൽനിന്നും 50 മീറ്റർ മാറി റോഡിന്റെ ഇടതുഭാഗവും സമീപത്തുതന്നെ 15 മീറ്ററോളം റോഡും പൂർണമായും തകർന്നിട്ടുണ്ട്‌. ഇവിടം മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കുഴിച്ച്‌ ആധുനിക രീതിയിൽ അസംസ്‌കൃത വസ്‌തുക്കൾ ഉപയോഗിച്ച്‌ നിരപ്പാക്കിയ ശേഷമാണ്‌ ഇന്റർലോക്ക്‌ പാകുക.  മഴക്കാലത്ത്‌  ശക്തമായ ഉറവയുണ്ടാകുന്നതാണ്‌ റോഡ്‌ തകരാൻ കാരണം. ഇന്റർലോക്കിന്റെ മുകളിലേക്ക്‌ വരാതെ അടിയിലൂടെ വെള്ളം ഓവുചാലിലേക്ക്‌ പോകുംവിധം ഒഴുക്കുകയാണ്‌ ലക്ഷ്യം.
റോഡിന്റെ ഒരുവശം ഇന്ററലോക്ക്‌ ചെയ്യാനുള്ളത്‌ 42 മീറ്ററും മുഴുവനായുള്ളത്‌ 15 മീറ്ററുമാണ്‌. പത്ത്‌ ദിവസത്തിനുള്ളിൽ പണി പൂർത്തീകരിക്കാനാകുമെന്നാണ്‌  പ്രതീക്ഷ. ഇതിനാവശ്യമായ രീതിയിലാണ്‌ ഇതുവഴിയുള്ള ഗതാഗതം ക്രമീകരണം.
നിലവിൽ കാഞ്ഞങ്ങാട്‌ –- മേൽപറമ്പ്‌ വഴിയെത്തുന്ന കെഎസ്‌ആർടിസി ബസ്സുകൾ ചന്ദ്രഗിരി പാലം കടന്ന്‌ ബജാജ്‌ ഷോറൂമിന്‌ മുന്നിലാണ്‌ യാത്രക്കാരെ ഇറക്കുന്നത്‌. തിരിച്ച്‌ കാഞ്ഞങ്ങാട്‌ ഭാഗത്തേക്ക്‌ ഇവിടെ നിന്നാണ്‌ സർവീസ്‌ ആരംഭിക്കുന്നത്‌. കാസർകോട്‌ ഭാഗത്തുനിന്നും വലിയ വാഹനങ്ങളെ ഇതുവഴി കടത്തിവിടുന്നില്ല. കാസർകോട്‌ നിന്നുള്ള ചെറിയ വാഹനങ്ങൾ റോഡുപണി നടക്കുന്നതിന്‌ സമീപത്തുനിന്നും ഇടതുവശത്തുകൂടി പബ്ലിക്‌ സർവന്റ്‌സ്‌ ബാങ്ക്‌ റോഡിലൂടെ ഐവർ ഭഗവതി ക്ഷേത്രത്തിനടുത്തുകൂടി ബജാജ്‌ ഷോറൂമിന്‌ മുന്നിൽ കെഎസ്‌ടിപി പാതയിലൂടെയാണ്‌ പോകുന്നത്‌. തിരികെ കാസർകോടേക്ക്‌ ചന്ദ്രഗിരി പാലം കടന്ന്‌ ബജാജ്‌ ഷോറൂമിന്‌ മുന്നിൽനിന്നും ഇടതുവശത്തുകൂടിയുള്ള പുലിക്കുന്ന്‌ റോഡിലൂടെ നഗരത്തിലെത്താനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top