നീലേശ്വരം
കേര രക്ഷാവാരം ആഘോഷിക്കുന്ന വേളയിൽ ജില്ലയിൽ വേണ്ടത് തെങ്ങുകളുടെ രോഗബാധ തടയാനുള്ള ശാസ്‌ത്രീയ നടപടികളും ബോധവൽക്കരണവും. ആഗ്രോ സെന്റർ മുഖേനയാണ് കേരരക്ഷാവാരം ആചരിക്കുന്നത്. ഇതനുസരിച്ച് തെങ്ങുകൾക്ക് മരുന്ന് തളിക്കുന്നതിന് ഒന്നിന് 75 രൂപയാണ് അനുവദിക്കുന്നത്.
50 രൂപ തെങ്ങിൽ കയറാനുള്ള കൂലിയും 25 രൂപ മരുന്നിന്റെ വിലയുമാണ്. ചെന്നീരൊലിപ്പ്, മണ്ട ചീയൽ എന്നിവ ബാധിച്ച് നശിച്ച തെങ്ങുകളുടെ എണ്ണത്തെക്കുറിച്ച് ജില്ലയിൽ കൃത്യമായ കണക്കില്ലാത്തത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
മിക്ക കൃഷിഭവനുകളിലും രോഗം ബാധിച്ച് നശിച്ച തെങ്ങുകളെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. കർഷകർ കൃത്യമായ വിവരം അറിയിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.
രണ്ടുവർഷമായി ചെന്നീരൊലിപ്പ്, മണ്ട ചീയൽ രോഗം ബാധിച്ച് വ്യാപകമായി തെങ്ങുകൾ നശിച്ചിട്ടുണ്ട്. എണ്ണൂറും ആയിരവും തേങ്ങ പറിച്ച തോട്ടങ്ങളിൽ ഇപ്പോൾ ലഭിക്കുന്നത് നൂറും ഇരുന്നൂറും മാത്രം.
പോഷകാംശം കുറയുന്നത് രോഗബാധയുണ്ടാക്കും
മണ്ണിൽ ആവശ്യമായ പോഷകാംശമില്ലാതെ വരുമ്പോൾ തെങ്ങുകളുടെ ആരോഗ്യം കുറയും. ഇത് പ്രതിരോധശേഷിയെ ബാധിക്കും. പെട്ടെന്ന് രോഗം ബാധിക്കും. തഞ്ചാവൂർ വാട്ടം, മണ്ടചീയൽ, നീരൊലിപ്പ് എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്. കൃത്യമായ ഇടവേളയിൽ ടൈംടേബിൾ പ്രകാരം വള പ്രയോഗം നടത്തണം. തുടർച്ചയായ മഴ കാരണം മണ്ണിന്റെ ജൈവാംശം നഷ്ടപ്പെട്ടിട്ടുണ്ട്. അമ്ലത കുറക്കാൻ ഇടയ്ക്കിടയ്ക്ക് കുമ്മായം ചേർക്കണം.
ഡോ. പി കെ സജീഷ്, സസ്യരോഗ വിഭാഗം അസി. പ്രൊഫസർ, പടന്നക്കാട് കാർഷിക കോളേജ്
കൃത്യമായ കണക്കില്ല
രോഗം ബാധിച്ച് നശിച്ച തെങ്ങുകളുടെ കൃത്യമായ കണക്ക് ലഭ്യമല്ല. കർഷകർ കൃഷിഭവനിൽ വിവരം അറിയിക്കുന്നില്ല. കൂടുതൽ തെങ്ങുകൾക്ക് രോഗം പിടിപെട്ട ശേഷമാണ് പലരും കൃഷിഭവനിലെത്തുന്നത്. മറ്റുചിലർ സ്വന്തം ചെലവിൽ തെങ്ങുകൾ വെട്ടിമാറ്റുന്നു. മുമ്പ് നാളികേര വികസന ബോർഡ് കൃഷിഭവൻ മുഖാന്തിരം രോഗം വന്ന തെങ്ങ് മുറിച്ചുമാറ്റാൻ ഒന്നിന് 500 രൂപ നൽകിയിരുന്നു. ഇപ്പോൾ ബോർഡ് അത് നേരിട്ട് നടപ്പാക്കുന്നു. ഉദ്‌പാദനക്ഷമത കുറഞ്ഞവ വെട്ടിമാറ്റി അത്യുൽപാദന ശേഷിയുള്ളവ നടാൻ ബോർഡ് സഹായം നൽകുന്നുണ്ട്. 0484 2377266 (എക്സ്: 252) നമ്പറിൽ ബന്ധപ്പെട്ടാൽ കൂടുതൽ വിവരം ലഭിക്കും.
സി പ്രമോദ് കുമാർ, കൃഷി ഓഫീസർ, മടിക്കൈ കൃഷിഭവൻ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..