കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട് നഗരത്തിൽനിന്ന് കോട്ടപ്പാറ വഴി മലയോരത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഫെയർസ്റ്റേജിൽ തട്ടിപ്പുകാട്ടി അധിക നിരക്ക് ഈടാക്കുന്നതായി പരാതി. മടിക്കൈ, കാസർകോട് റൂട്ടിലെ ബസുകളെല്ലാം കാഞ്ഞങ്ങാടുനിന്ന് മാവുങ്കാലിലേക്ക് മിനിമം നിരക്കായ 10 രൂപ വാങ്ങുമ്പോൾ കോട്ടപ്പാറ വഴിയുള്ള ബസുകൾ 13 രൂപയാണ് ഈടാക്കുന്നത്.
കിഴക്കുംകരയിൽ സ്റ്റേജുണ്ടെന്നാണ് കാരണമായി പറയുന്നത്. എന്നാൽ ഇത് കള്ളമെന്ന് മോട്ടോർ വാഹനവകുപ്പിൽനിന്ന് ലഭിച്ച വിവരാവകാശ രേഖ പറയുന്നു. ഇതിലെ ഫെയർസ്റ്റേജുകളിൽ കിഴക്കുംകരയില്ല. കാഞ്ഞങ്ങാട് –- കൊന്നക്കാട് റൂട്ടിന് 53.9 കിലോമീറ്റർ ദൈർഘ്യമുണ്ടെന്നാണ് ഫെയർസ്റ്റേജ് നിർണയിച്ച രേഖയിൽ പറയുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ രേഖകളിലും സ്വകാര്യ ബസുകൾ പെർമിറ്റ് ലഭിക്കാൻ കൊടുത്ത രേഖയിലും 49 കിലോ മീറ്റർ എന്നാണ്. ഈ രീതിയിൽ ഫെയർസ്റ്റേജ് പരിഷ്കരിച്ചാൽ കൊന്നക്കാടേക്ക് ടിക്കറ്റ് നിരക്ക് 5- മുതൽ 8 രൂപവരെയും മാവുങ്കാൽ മുതൽ പരപ്പ വരെ രണ്ട് മുതൽ മൂന്ന് രൂപ വരെയും ഓരോ സ്‌റ്റോപ്പിലും കുറയും.
ഇല്ലാത്ത കിഴക്കുംകര സ്റ്റേജിന്റെ മറവിൽ മാത്രം പ്രതിദിനം അര ലക്ഷം രൂപവരെ സ്വകാര്യ ബസുകൾ കൊള്ളയടിക്കുന്നു. തങ്ങൾക്ക് കിഴക്കുംകരയിൽ ഔദ്യോഗികമായി ഫെയർസ്റ്റേജുള്ളതായി കെഎസ്ആർടിസി പറയുന്നുണ്ട്.
ഏഴാംമൈൽ –- തായന്നൂർ റൂട്ടിലും തട്ടിപ്പ്
വെള്ളരിക്കുണ്ട് -–- കാലിച്ചാനടുക്കം- –- ഏഴാംമൈൽ -–- കാഞ്ഞങ്ങാട് റൂട്ടിൽ നിലവിൽ കെഎസ്ആർടിസിക്ക് ഓഡിനറി സർവീസൊന്നുമില്ലെങ്കിലും മുമ്പ് ഇതുവഴി ഫെയർസ്റ്റേജ് നിർണയിച്ചിട്ടുണ്ട്. സ്വകാര്യ ബസ് വാങ്ങുന്ന പോർക്കളം സ്റ്റേജ് ഒഴിവാക്കിയിട്ടുപോലും 40 കി. മീറ്റർ ദൂരത്തിന് 50 കിലോമീറ്ററിന്റെ സ്റ്റേജാണ് നിശ്ചയിച്ചത്.
സ്വകാര്യ ബസുകൾ ഏഴാംമൈൽ മുതൽ കാലിച്ചാനടുക്കം വരെ 10 കിലോമീറ്റർ ഓടാൻ 15 കിലോമീറ്ററിന്റെ നിരക്ക് ഈടാക്കുന്നു. രണ്ടര കിലോമീറ്റർ അകലത്തിൽ സ്റ്റേജുകൾ വേണമെന്ന് നിയമം പറയുമ്പോൾ ഇവിടെ ഒരു കിലോമീറ്ററിൽ കുറഞ്ഞ ദൂരത്തിനും സ്റ്റേജുണ്ട്.
പരിഷ്കരിക്കാം, മടിക്കൈ മാതൃകയിൽ
കാഞ്ഞങ്ങാട് , കാരാക്കോട്, കാഞ്ഞിരപ്പൊയിൽ റൂട്ടുകളിലെ ഫെയർ സ്റ്റേജ് 2022 ഏപ്രിൽ 29നാണ് പരിഷ്കരിച്ചത്. 2015ൽ വിജിലൻസ് ക്രമക്കേട് റിപ്പോർട്ട് ചെയ്തിട്ടും മോട്ടോർ വാഹന വകുപ്പ് തുടർനടപടി വൈകിപ്പിച്ചു. ജനങ്ങൾ പരാതിയിൽ ഉറച്ചുനിന്നതോടെ പരിഷ്കരണം നടപ്പായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..