26 December Thursday
ദിവസങ്ങളോളം കസ്‌റ്റഡിയിൽ

ഒടുവിൽ ഉടമയെത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

കളഞ്ഞുകിട്ടിയ സ്വർണമാല ലീലാവതി കാസർകോട്‌ പൊലീസ്‌ സ്‌റ്റേഷനിലെത്തി ഉടമസ്ഥൻ ശ്യാമപ്രകാശിന്‌ കൈമാറുന്നു

കാസർകോട്‌
ഉടമയുടെ വരവുംകാത്ത്‌ ദിവസങ്ങളോളം  പൊലീസുകാർ സ്‌റ്റേഷനിൽ സൂക്ഷിച്ച സ്വർണമാലയുംതേടി ഒടുവിലെത്തിയത്‌ നഗരത്തിലെ സ്വർണപ്പണിക്കാരൻ. കാസർകോട്‌ പഴയ ബസ്‌സ്‌റ്റാൻഡിന്‌ സമീപത്തെ സ്വർണപ്പണിക്കാരൻ കൂഡ്‌ലുവിലെ ശ്യാമപ്രകാശിന്റെ കൈയിൽനിന്നും നഷ്ടപ്പെട്ടതായിരുന്നു മാല. രണ്ടുദിവസം മുമ്പ്‌ സ്‌റ്റേഷനിലെത്തി ഒരുപവനിൽ കൂടുതലുള്ള മാലയുടെ തൂക്കവും മറ്റുവിവരങ്ങളും അറിയിച്ചു. ഇയാൾ പറഞ്ഞതെല്ലാം ഒത്തുവന്നതോടെ മാല കളഞ്ഞുകിട്ടിയ കുടുംബത്തെ വിളിച്ചുവരുത്തി വ്യാഴാഴ്‌ച പകൽ പതിനൊന്നരയോടെ കൈമാറി.
മുള്ളേരിയയിലെ ജ്വല്ലറിയിൽനിന്നും എത്ര ക്യാരറ്റിന്റേതാണെന്ന്‌ അറിയാനായി കൊടുത്തുവിട്ട പഴയസ്വർണമാണിത്‌. കഴിഞ്ഞ സെപ്‌തംബർ 30ന്‌ ഉച്ചയ്‌ക്കാണ്‌ ശ്യാമപ്രകാശിന്റെ കൈയിൽനിന്നും നഷ്ടപ്പെട്ടത്‌. അന്നുമുതൽ അന്വേഷണം നടത്തിവരികയായിരുന്നു. പൊലീസ്‌ സ്‌റ്റേഷനിൽ ലഭിച്ച മാലയുടെ യഥാർഥ ഉടമ ഇതുവരെ എത്താത്തത്‌ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പരന്നിരുന്നു. തുടർന്നാണ്‌ തന്റെ കൈയിൽനിന്നും നഷ്ടപ്പെട്ടതാണോ എന്നറിയാൻ ശ്യാമപ്രകാശ്‌ സ്‌റ്റേഷനിലെത്തിയത്‌. 
നെല്ലിക്കുന്ന് കടപ്പുറത്തെ രാഘവേന്ദ്രനും ഭാര്യ ലീലാവതിയും കാസർകോട്‌ ടൗണിലെ ഐ സി ഭണ്ഡാരി റോഡിലൂടെ നടന്നുവരുമ്പോൾ കളഞ്ഞുകിട്ടിയതാണ്‌ ഈ സ്വർണമാല. അന്നുതന്നെ ടൗൺ സ്‌റ്റേഷനിലെത്തി പൊലീസിനെ ഏൽപിച്ചു. രാഘവേന്ദ്രന്റെ ഭാര്യ ലീലാവതിയാണ്‌ സ്റ്റേഷനിലെത്തി മാല ശ്യാമപ്രകാശിന്‌ കൈമാറിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top