കാസർകോട്
സിപിഐ എം കാസർകോട് ഏരിയാസമ്മേളനത്തിന് ആവേശത്തുടക്കം. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയോട് നിരന്തരം പോരടിച്ച് മതേതരത്വം സംരക്ഷിക്കുന്നതിൽ എന്നും മുന്നിലാണെന്ന പ്രഖ്യാപനവുമായാണ് സമ്മേളനത്തിന് തുടക്കമായത്.
പ്രതിനിധി സമ്മേളനം നടക്കുന്ന അണങ്കൂരിലെ പി രാഘവൻ നഗറിൽ എ ഗോപാലൻ നായർ പതാക ഉയർത്തി. പ്രതിനിധികളെ വരവേറ്റ് സ്വാഗതഗാനവും അരങ്ങേറി. സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. ടി എം എ കരീം താൽക്കാലിക അധ്യക്ഷനായി. സി വി കൃഷ്‌ണൻ രക്തസാക്ഷി പ്രമേയവും പി വി കുഞ്ഞമ്പു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി കെ രാജൻ സ്വാഗതം പറഞ്ഞു. ടി എം എ കരീം, സി ശാന്തകുമാരി, കെ ജയചന്ദ്രൻ, പ്രവീൺ പാടി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പ്രതിനിധികൾ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടത്തി. 28 പേർ പൊതുചർച്ചയിൽ പങ്കെടുത്തു. 18 ഏരിയാകമ്മിറ്റി അംഗങ്ങളടക്കം 122 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
സമ്മേളനത്തിൽ ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണൻ, സംസ്ഥാനകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ, മുൻ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ സാബു അബ്രഹാം, എം സുമതി, വി വി രമേശൻ, ജില്ലാകമ്മിറ്റി അംഗം പി അപ്പുക്കുട്ടൻ, പി ബേബി എന്നിവരും പങ്കെടുക്കുന്നു.
വൈകിട്ട് അണങ്കൂരിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനസെക്രട്ടറി ജിനേഷ്‌കുമാർ എരമം ഉദ്ഘാടനംചെയ്‌തു. സി ശാന്തകുമാരി അധ്യക്ഷയായി.
കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയ കെ വി കുമാരനെ ആദരിച്ചു. സംസ്ഥാനകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉപഹാരം നൽകി. പി ദാമോദരൻ സ്വാഗതം പറഞ്ഞു. തുടർന്ന് അഭിരാജ് നടുവിലിന്റെ നേതൃത്വത്തിൽ തീപ്പാട്ട് സംഘത്തിന്റെ ഗാനമേളയും അരങ്ങേറി.
ബുധൻ രാവിലെ ചർച്ചക്ക് മറുപടിയും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും നടക്കും. വൈകിട്ട് നാലിന് നുള്ളിപ്പാടി കേന്ദ്രീകരിച്ച് ചുവപ്പു വളണ്ടിയർ മാർച്ചും പൊതുപ്രകടനവും ആരംഭിക്കും. അണങ്കൂരിൽ സീതാറാം യച്ചൂരി നഗറിൽ പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..