മുള്ളേരിയ
വീടിന് മുന്നിലെത്തി കാട്ടാനയുടെ പരാക്രമം. കാറഡുക്ക പൂവടുക്ക കൊണലയിൽ ശനിയാഴ്ച പുലർച്ചെ രണ്ടിന് ജഗദീശന്റെ വീടിന് മുന്നിലാണ് സംഭവം. വനമേഖലയിൽനിന്ന് മാറി സംസ്ഥാനപാത മുറിച്ചുകടന്നാണ് ആനയെത്തിയത്.
ബന്ധുക്കളുടെ വീട്ടിൽ പൂജ കഴിഞ്ഞു മടങ്ങവേ കാറിലും ബൈക്കിലുമായി ജഗദീശനും സഹോദരൻ രാജനും കുടുംബവും വരികയായിരുന്നു. ഇവരുടെ വീടിന് മുന്നിൽ കാറെത്തിയപ്പോഴാണ് തൊട്ടുമുന്നിൽ ആനയെ കണ്ടത്. ആക്രമിക്കാനായി ആന കാറിനുനേരെ തിരിഞ്ഞപ്പോൾ കാർ പുറകോട്ടെടുത്തു. കവുങ്ങിൻ തോട്ടത്തിലൂടെയുള്ള ഇടുങ്ങിയ റോഡിൽനിന്ന് കാർ പിന്നോട്ട് പോകുക എളുപ്പമല്ലായിരുന്നു. ഇതിനിടെ കാറിന്റെ ശ്രദ്ധയിൽനിന്ന് മാറി ആന പൊടുന്നനെ അടുത്ത കൃഷിയിടത്തിലേക്ക് നീങ്ങി.
നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും ചേർന്ന് ആനയെ റോഡ് മുറിച്ചു കടത്താൻ ശ്രമം നടത്തി. എന്നാൽ മുള്ളേരിയ ഭാഗത്തേക്കാണ് ആന പോയത്. ഒന്നര മണിക്കൂർ ശ്രമത്തിനൊടുവിൽ ആനയെ വന്ന വഴിയേ തിരികെ കാട്ടിലേക്ക് തുരത്തി. ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് ജഗദീശന്റെ കുടുംബം പറഞ്ഞു. ഓടിയടുത്ത ആനയ്ക്ക് പെട്ടെന്ന് കൃഷിയിടത്തിലേക്ക് പോകാൻ തോന്നിയതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഇവർ പറഞ്ഞു. ഇത് രണ്ടാം തവണയാണ് ആന വീട്ടുമുറ്റത്തെത്തുന്നത്.ഇതേ പ്രദേശത്ത് സുധാമൻ, കൃഷ്ണൻ മണിയാണി, ശ്രീധരൻ, കമലാക്ഷി, നടരാജ നായക് എന്നിവരുടെ കൃഷിയിടങ്ങളും വ്യാപകമായി നശിപ്പിച്ചു.
കൊട്ടംകുഴിയിലും
കർമംതോടി
തുടർച്ചയായി രണ്ട് ദിവസവും കൊട്ടംകുഴിയിലെ ഭാസ്കരൻ നായരുടെ വീടിന് മുന്നിലും കൃഷിയിടത്തിലും ആനയുടെ വിളയാട്ടം. വീടിന് പരിസരത്തുള്ള കൃഷിയിടത്തിൽ കവുങ്ങ്, വാഴ എന്നിവ നശിപ്പിച്ചു. കഴിഞ്ഞ ദിവസം പി രാധാകൃഷ്ണന്റെ വീടിന്റെ മതിൽ കാട്ടാന തകർത്തിരുന്നു. ആഴ്ചകളായി കൊട്ടംകുഴിയിൽ തമ്പടിച്ച് രണ്ട് കാട്ടാനകൾ കൃഷി നശിപ്പിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..