കാഞ്ഞങ്ങാട്
വാഹനമിടിച്ച് ചത്ത മുള്ളൻ പന്നിയെ കുഴിച്ചിടാനെന്ന വ്യാജേന കൊണ്ടുപോയി കറിവയ്‌ക്കാൻ ശ്രമിച്ച രണ്ടുപേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഒരാളെ അറസ്‌റ്റ് ചെയ്‌തു. മറ്റൊരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ. വെള്ളിയാഴ്ചയാണ് കോട്ടച്ചേരി മേൽപ്പാലത്തിന് സമീപം മുള്ളൻപന്നി വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടത്.
സ്കൂട്ടറുമായി ഇവിടെയെത്തിയ ചെമ്മട്ടംവയലിലെ എച്ച് കിരൺകുമാർ ഇതിനെ കുഴിച്ചിടാനെന്ന വ്യാജേന ചാക്കിലാക്കി കൊണ്ടുപോയി. സംഭവം ശ്രദ്ധയിൽ പെട്ടവർ സംശയം തോന്നി വനം വകുപ്പിന്റെ തിരുവനനന്തപുരം ഓഫീസിൽ വിവരമറിയിച്ചു. മുള്ളൻപന്നിയുമായി പോയ കിരൺ കുമാർ ബന്ധുവായ ചുള്ളിക്കര അയറോട്ട് പാലപ്പുഴയിലെ ഹരീഷ് കുമാറിന്റെ വീട്ടിലെത്തി. പറമ്പിൽ കുഴിയെടുത്ത് മുള്ളൻപന്നിയുടെ ജഡം മറവുചെയ്‌തെന്ന് തെളിയിക്കാൻ ഫോട്ടോയും എടുത്തു. പിന്നീട് കുഴിയിൽ നിന്നെടുത്ത് അതിന്റെ മുള്ളുകൾ പറിച്ചെടുത്തു. ഇതിനിടെ വനം വകുപ്പ് അധികൃതർ വിവരമറിഞ്ഞുവെന്ന് മനസിലാക്കിയ കിരൺ ജഡവും മുള്ളും വീണ്ടും കുഴിച്ചിട്ടു. ഇവരെ പിന്തുടർന്നെത്തിയ വനം വകുപ്പ് സംഘം പറമ്പിൽ കുഴിച്ചിട്ട മുള്ളൻപന്നിയുടെ ജഡം കണ്ടെത്തി.
ഇതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച കിരൺകുമാറിനെ പൂടംകല്ലിലെ താലൂക്ക് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കിരണിന്റെ കൂടെയുണ്ടായിരുന്ന ഹരീഷ് കുമാറിനെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..