പാലക്കുന്ന്
കോട്ടിക്കുളം റെയിൽവേ സ്‌റ്റേഷനിലെ ട്രെയിൻ യാത്രക്കാർ പാളം കടക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. കോട്ടിക്കുളത്ത് സ്റ്റോപ്പുള്ള ട്രെയിനിൽ നിന്നിറങ്ങുന്ന യാത്രക്കാരിൽ പലരും റോഡിലേക്കെത്താൻ നടപ്പാലം ഉപയോഗിക്കുന്നില്ല.
ഇരുവശവും നോക്കാതെ റെയിൽ പാളം കടന്ന് എളുപ്പ വഴിയിലൂടെ അപ്പുറം എത്താനാണ് ശ്രമിക്കുന്നത്. മറ്റേ ട്രാക്കിലൂടെ ട്രെയിൻ വരുന്നുണ്ടോ എന്നത് പോലും നോക്കാറില്ല. മൊബൈലിൽ സംസാരിച്ചുപോലും പാളം കടക്കുന്ന വിദ്യാർഥികളടക്കം ചെറുപ്രായക്കാർ അശ്രദ്ധയോടും ഏറെ ലാഘവത്തോടെയുമാണ് പാളത്തിലൂടെ അപ്പുറം കടക്കുന്നതെന്ന് റെയിൽവേ ജീവനക്കാരോടൊപ്പം നാട്ടുകാരും പറയുന്നു.
കഴിഞ്ഞ ദിവസം ഈ സ്‌റ്റേഷനിൽ വയോധികൻ രക്ഷപ്പെട്ടത് റെയിൽവേ ജീവനക്കാരന്റെ സമയോചിത ഇടപെടലിനെ തുടർന്നാണ്. ഇരു ഭാഗത്തു നിന്നും അതിവേഗ ട്രെയിനുകൾ ഒരേ സമയം കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ കടക്കുന്ന നേരത്താണ് വായോധികൻ പാളം കടക്കാൻ ശ്രമിച്ചത്. ഒന്നും രണ്ടും പ്ലാറ്റ്ഫോമിന്റെ മധ്യത്തിലെ മൂന്നാം നമ്പർ ട്രാക്കിൽ ഇയാളോട് അനങ്ങാതെ നിൽക്കാൻ റയിൽവേ ജീവനക്കാരൻ പറഞ്ഞതിനാൽ മാത്രമാണ് രക്ഷപ്പെട്ടത്.
ഗേറ്റ് അടഞ്ഞിരിക്കുമ്പോൾ അപ്പുറം കടക്കാൻ വേണ്ടിയാണ് കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ സുരക്ഷിതമായ മേൽനടപ്പാത റെയിൽവേ നിർമിച്ചത്. പ്ലാറ്റ്ഫോമിൽ കാലെടുത്തു വെക്കാതെ തന്നെ ഇരുഭാഗത്തെ റോഡുകളിലും എത്താവുന്ന രീതിയിലാണ് ഈ നടപ്പാതയുടെ നിർമാണം. എന്നാൽ നടപ്പാതയിലെത്താനുള്ള പടി കയറാനുള്ള ബുദ്ധിമുട്ടും സമയലാഭവും നോക്കി പലരും ഈ പാത ഉപയോഗിക്കുന്നില്ല.
പ്ലാറ്റ്ഫോമിനെ രണ്ടായി മുറിച്ചു പോകുന്ന റോഡിലെ റെയിൽപ്പാളത്തിലൂടെ ഏത് നിമിഷവും ട്രെയിൻ വന്നേക്കുമെന്നതിനേക്കാൾ എത്രയും വേഗം അപ്പുറം കടക്കാനാണ് ആൾക്കാർ ശ്രമിക്കുക. ട്രെയിൻ സ്റ്റേഷന്റെ ഒരറ്റത്ത് കണ്ടാൽ പോലും പാളം കടക്കാൻ ധൃതി കാണിക്കുന്നവർ ഏറെയുണ്ടെന്നാണ് സ്റ്റേഷൻ മാസ്റ്റർ പറയുന്നത്. ഇവിടെ സ്റ്റോപ്പില്ലാത്ത വണ്ടികൾ 30 സെക്കന്റിൽ സ്റ്റേഷൻ പാസാകും. എന്നാൽ അത്രസമയം പോലും കാത്തിരിക്കാൻ ക്ഷമയില്ലാത്തവരുണ്ട്.
ലവൽ ക്രോസുകളിലൂടെ പാളം കടക്കുന്നത് റയിൽവേ നിയമപ്രകാരം ശിക്ഷാർഹമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..