ചെറുവത്തൂർ
തെന്നിന്ത്യയിലെ സൂപ്പർതാരം വിജയിന്റെ സിനിമ ലിയോ തിയറ്റേറിൽ എത്തിയപ്പോൾ അതിന്റെ ഭാഗമാകാൻ കഴിഞ്ഞ സന്തോഷത്തിലാണ് ചീമേനിയിലെ രജീഷ് ആർ പൊതാവൂർ. കുട്ടിക്കാലം മുതൽ ആരാധിച്ചിരുന്ന നടനൊപ്പം ലൊക്കേഷനുകളിൽ എത്തിയതിന്റെ സന്തോഷം കൂടി രജീഷിന്റെ മനസ്സിലുണ്ട്. ഈ സിനിമയിൽ പ്രവർത്തിച്ച ഏക മലയാളി ടെക്‌നീഷ്യൻ കൂടിയാണ് രജീഷ്.
15 വർഷം മുമ്പാണ് രജീഷ് മലയാളം സിനിമയുടെ ഭാഗമായത്. പ്രശസ്‌തരായ മേക്കപ്പ്‌മാൻമാരുടെ സഹായിയായി നിരവധി സിനിമകളുടെ ഭാഗമായി. അതിനിടയിലാണ് വിജയിയുടെ ബ്രഹ്‌മാണ്ഡപടത്തിൽ അവസരം ലഭിച്ചത്. മുൻനിര താരങ്ങൾ അണിനിരക്കുന്ന സിനിമയിൽ മലയാള സിനിമാതാരം ബാബു ആന്റണിയും വേഷമിടുന്നുണ്ട്. ഇദ്ദേഹത്തിന്റെ മേക്കപ്പ്‌മാനായാണ് രജീഷ് പ്രവർത്തിച്ചത്. രണ്ടുമാസം സെറ്റിൽ പ്രവർത്തിച്ചു.
ചെന്നൈ, കാശ്‌മീർ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്ങ്. തെന്നിന്ത്യയിലെ മികച്ച സംവിധായകനായ ലോകേഷ് കനകരാജിന്റെ സിനിമയിൽ ടെക്‌നിക്കൽ വിഭാഗത്തിൽ ലഭിച്ച അവസരം വിലമതിക്കാനാകാത്ത അംഗീകാരമാണെന്ന് രജീഷ് പറഞ്ഞു. സിനിമാ സെറ്റിൽ രജീഷ് വളർത്തിയെടുത്ത സൗഹൃദങ്ങളും വലുതാണ്. ശാസ്‌ത്രീയമായി മേക്കപ്പ് ജോലികൾ പഠിച്ചിട്ടില്ല. വർഷങ്ങളായി അസിസ്‌റ്റന്റായി പ്രവർത്തിച്ചപ്പോൾ കണ്ടും അറിഞ്ഞും മേക്കപ്പ് കല പഠിക്കുകയായിരുന്നു. ആറോളം മലയാളസിനിമകളിൽ രജീഷ് സ്വതന്ത്ര മേക്കപ്പ്‌മാനായും പ്രവർത്തിച്ചിട്ടുണ്ട്. ഈ സിനിമയോടെ കൂടുതൽ അവസരവും തേടിയെത്തുമെന്ന പ്രതീക്ഷയാണ് രജീഷിനുള്ളത്. നിരവധി ഹ്രസ്വ ചിത്രങ്ങൾ രേജീഷ് എഴുതി സംവിധാനം ചെയ്‌തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..