കാസർകോട്
പ്ലാസ്റ്റിക് മാലിന്യങ്ങൾ സമാഹരിച്ച് വിറ്റ് വഴിയോര വിശ്രമകേന്ദ്രം നിർമിക്കാനൊരുങ്ങി ഡിവൈഎഫ്ഐ. ശനി മുതൽ 29വരെ മുഴുവൻ വീടുകളിലും പൊതുയിടങ്ങളിലും പ്രവർത്തകരെത്തി ഉപയോഗശൂന്യമായ പ്ലാസ്‌റ്റിക്ക് ശേഖരിക്കും. ജില്ലാതല ഉദ്ഘാടനം ശനി പകൽ രണ്ടിന് കാവുഞ്ചിറ മിയാവാക്കി ദ്വീപിൽ നടക്കും.
സന്നദ്ധസേവന പ്രവർത്തനങ്ങളിൽ അഭിമാനകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡിവൈഎഫ്ഐ മാലിന്യനിർമാർജനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ പദ്ധതിയും പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്രസഭയുടെ ‘ബീറ്റ് ദ പ്ലാസ്റ്റിക് പൊല്യൂഷൻ' മുദ്രാവാക്യം ഏറ്റെടുത്താണ് പ്രവർത്തനം. കഴിഞ്ഞ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിലാണ് ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി പദ്ധതി പ്രഖ്യാപിച്ചത്.
വീടുകളിൽനിന്നും ശേഖരിക്കുന്ന പാഴ്‌വസ്‌തുക്കൾ വിറ്റ്, ജനങ്ങൾ കൂടുതലെത്തുന്ന പൊതുകേന്ദ്രത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ വഴിയോര വിശ്രമ കേന്ദ്രം നിർമിക്കാനാണ് തീരുമാനം. വിശ്രമമുറി, ശുചിമുറി, ലഘുഭക്ഷണശാല, മൊബൈൽ റിചാർജിങ് പോയിന്റ്, ലൈബ്രറി, മുലയൂട്ടൽ കേന്ദ്രം എന്നീ സൗകര്യങ്ങൾ വിശ്രമ കേന്ദ്രത്തിൽ ഒരുക്കും. പ്ലാസ്റ്റിക് മാലിന്യ ശേഖരണം വിജയിപ്പിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..