രാജപുരം
മലയോരത്ത് കാട്ടാന ശല്യം രൂക്ഷമായതോടെ നിരീക്ഷണത്തിന് ഡ്രോൺ സംവിധാനം ഏർപ്പെടുത്തി വനം വകുപ്പ്.
ആന ശല്യം തടയാൻ നിയോഗിച്ച ആർആർടി സംഘമാണ് ഡ്രോൺ പറത്തി ആനകളുടെ വരവ് നിരീക്ഷിക്കുന്നത്. വനാതിർത്തികളിൽ ആർആർടി സംഘത്തെ നിയോഗിച്ച് ആനയെ തടയാൻ നടപടി സ്വീകരിച്ചിരുന്നു. ആനയെത്തുന്ന സ്ഥലങ്ങൾ മനസ്സിലാക്കി അവയെ കാട്ടിലേക്ക് തിരിടെ ഓടിക്കുന്ന പ്രവർത്തനമാണ് നടത്തുന്നത്.
കൂട്ടത്തോടെയെത്തുന്ന ആനകൾ കഴിഞ്ഞ ദിവസം ആർആർടി സംഘത്തെ ആക്രമിച്ചതോടെയാണ് ഡ്രോൺ പറത്തി ആനകളുടെ നീക്കം മനസ്സിലാക്കാൻ കാട്ടിലേക്ക് ഇറങ്ങുന്നത്. പനത്തടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കൂട്ടത്തോടെയാണ് കാട്ടാനയെത്തുന്നത്. കാർഷിക വിളകൾ നശിപ്പിക്കുന്നതോടൊപ്പം മനുഷ്യ ജീവനുതന്നെ ആനകൾ ഭീഷണിയായി . വഴിയാത്രക്കാർക്ക് പോലും ഭീഷണിയായതോടെയാണ് വനം വകുപ്പ് ആർആർടി സംഘത്തെ നിയോഗിച്ചത്. ഇതോടൊപ്പം തകരാറിലായ സോളാർ വേലിയുടെ നിർമാണവും നടന്നുവരുന്നു.
കർഷകരുടെ നൂറുകണക്കിന് കമുങ്ങുകളും തെങ്ങുകളും വാഴകളും റബറും ആന നശിപ്പിക്കുന്നു. കല്ലപ്പള്ളി, റാണിപുരം, അടുക്കം, പരിയാരം, പെരുതടി, പാണത്തൂർ കമ്മാടി പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..