ഉദുമ
പശുവളർത്തലിലും കൃഷിയിലും വിജയഗാഥയുമായി അരവത്തെ കൃഷ്‌ണൻ.
അരവത്ത് കുതിരക്കോട്ടെ പൊങ്ങാച്ഛൻ വീട്ടിലെ പി കൃഷ്‌ണനാണ് (59) പശുപരിപാലനം ജീവിതചര്യയാക്കി വിജയംകൊയ്യുന്നത്. പത്തുവർഷം മുമ്പ് എച്ച്‌എഫ് ഇനത്തിൽപെട്ട രണ്ടുപശുകളെ വാങ്ങിയാണ് തുടക്കം. ഇപ്പോൾ കറവപ്പശുക്കളും കുട്ടികളുമായി 22 എണ്ണമുണ്ട്. ദിവസം രണ്ടുനേരം കറന്നാൽ മാസത്തിൽ 2400 ലിറ്റർ പാൽ ലഭിക്കുമെന്ന് കൃഷ്ണൻ പറയുന്നു. പനയാൽ അമ്പങ്ങാട് ക്ഷീര സംഘത്തിലാണ് പാൽ നൽകുന്നത്. ഇതുവഴി ഒരുലക്ഷത്തിന് മുകളിൽ വരുമാനം ലഭിക്കുന്നുണ്ട്. ചാണകവളം വിറ്റാൽ 60,000 രൂപ മാസത്തിൽ ലഭിക്കും. അരവത്ത് അഞ്ച് ഏക്കർ പാടത്ത് നെൽകൃഷി ചെയ്യുന്നതിനാൽ തീറ്റപ്പുല്ലിന് ക്ഷാമമില്ല. നെൽകൃഷി രണ്ടാം വിളയ്‌ക്ക് ശേഷം വയലിൽ പച്ചക്കറി കൃഷിയാണ്. വള്ളിപ്പയർ, വെണ്ട, നരമ്പൻ, പടവലം, പച്ചമുളക്, വഴുതന, ചീര, മത്തൻ, പാവക്ക, വെള്ളരി, കക്കരി തുടങ്ങിയ പച്ചക്കറികൾ വിളവെടുത്ത് നൂറുമേനിയാണ്. തൊഴുത്തിൽനിന്ന് ലഭിക്കുന്ന ജൈവവളമാണ് പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുന്നത്. മികച്ച കർഷകനെന്ന നിലയിൽ പള്ളിക്കര കൃഷി ഭവനും വിവിധ സംഘടനകളും ആദരിച്ചിട്ടുണ്ട്.
ഭാര്യ ലക്ഷ്‌മിയും സഹോദരന്റെ ഭാര്യ പാർവതിയും സഹായത്തിനുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..