കാഞ്ഞങ്ങാട്
പുല്ലൂർ ഗവ. യുപി സ്കൂളിൽ സംഘടിപ്പിച്ച ‘നാട്ടുപഞ്ചാത്തിക്ക’ സമ്മാനിച്ചത് ഒരു ദേശത്തിന്റെ ഗതകാല ചരിത്രം. സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന പുല്ലൂർ ദേശം ചരിത്ര പുസ്തകം ഒരുക്കുന്നതിന്റെ ഭാഗമായാണ് നാട്ടുകാർ ഒത്തുചേർന്നത്.
വേലാശ്വരത്തെ ശാരദ, പെരളത്തെ മാണിക്യം, മധുരമ്പാടിയിലെ നാരായണി എന്നിവർ നാട്ടിപ്പാട്ട് പാടി അനുഭവങ്ങൾക്ക് തുടക്കമിട്ടു. മുതിർന്ന പൂർവ വിദ്യാർഥികൾ പൊലിയന്ത്രം പാലയിൽ നൂറ് മൺചിരാത് കൊളുത്തി തുടക്കം കുറിച്ചു. പഴയ ഓർമകൾ പുതുതലമുറയ്‌ക്ക് പകർന്ന് നൽകാൻ ഗ്രാമത്തിലെ 65 വയസ് കഴിഞ്ഞ നൂറ്റിയമ്പതോളം പേരാണ് ഒത്തുകൂടിയത്. ഭാരതി കാനത്തിൽ, ദാമോദരൻ ചാലിങ്കാൽ, ഗോപാലൻ കേളോത്ത് വീട്, ദാമോദരൻ ഒയക്കട, ബാലൻ എടമുണ്ട, വി നാരായണൻ, അച്യുതൻ നായർ, ഭാസ്കരൻ കുണ്ടൂച്ചിയിൽ, കരുണാകരൻ ഇടച്ചിയിൽ, ശാരദ വിഷ്ണുമംഗലം, ഉണ്ണി ബാനം, നാരായണി കരക്കക്കുണ്ട്, രഘുനാഥ് മധുരമ്പാടി, കുഞ്ഞികൃഷ്ണൻ കൊടവലം, ശ്യാമള പൊള്ളക്കട, പി ശശിധരൻ നായർ തുടങ്ങി നൂറോളം പേർ അനുഭവം പങ്കുവച്ചു.
ചരിത്രകാരൻ ഡോ. സി ബാലൻ മോഡറേറ്ററായി. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ അധ്യക്ഷനായി. കവി ദിവാകരൻ വിഷ്ണുമംഗലം, പി ജനാർദ്ദനൻ, എ ടി ശശി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..