17 September Tuesday

മോഷ്ടാവ്‌ 48 മണിക്കൂറിനുള്ളിൽ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024
വെള്ളരിക്കുണ്ട് 
പരപ്പയിലെ വെള്ളരിക്കുണ്ട്‌ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിലും മലബാർ ഹോട്ടലിലും കവർച്ച നടത്തിയ മോഷ്ടാവിനെ 48 മണിക്കൂറിനുള്ളിൽ പിടികൂടി പൊലീസ്. പാണത്തൂർ പട്ടുവത്തെ തുരുമ്പുകാലായിൽ വി എൻ  രതീഷ് (67) എന്ന ബണ്ടിചോർ രതീഷിനെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ എസ്ഐമാരായ എം വി ശ്രീദാസ് പുത്തൂർ, പി ജയരാജൻ, കെ രാജൻ, പൊലീസ് ഓഫീസർമാരായ അബൂബക്കർ കല്ലായി, എം ടി പി നൗഷാദ് എന്നിവരാണ്‌ പ്രതിയെ കാഞ്ഞങ്ങാട് നിന്ന് പിടികൂടിയത്‌. ഞായർ രാത്രിയിലാണ് ലൈബ്രറി കൗൺസിൽ ഓഫീസിലും മലബാർ ഹോട്ടലിലും മോഷണം നടന്നത്. 
ഹോട്ടലിൽനിന്ന് സാന്ത്വനം ചാരിറ്റിയുടെ ഭണ്ഡാരവും ലൈബ്രറി ഓഫീസിൽനിന്ന് 8500 രൂപയുമാണ് മോഷണം പോയത്. ഹോട്ടലിലെ സിസിടിവിയിൽ മുഖംമൂടി ധരിച്ച പ്രതിയുടെ ചിത്രം തെളിഞ്ഞെങ്കിലും ആളെ മനസിലാക്കാൻ കഴിഞ്ഞില്ല. എന്നാൽ സമീപത്ത്  ഇതേ ദിവസം മോഷണം നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചപ്പോഴാണ് ചുള്ളിക്കരയിലെ ഒരു ബേക്കറിയിൽ മോഷണം നടന്ന വിവരം അറിയുന്നത്. അവിടെ പൊലീസിൽ പരാതിയുണ്ടായിരുന്നില്ല. ബേക്കറിയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് രണ്ടും ഒരാളാണെന്ന്  മനസിലാക്കിയത്. പിന്നീട് നടന്ന വിശദമായ പരിശോധനയിലാണ് പ്രതിയെ തിരിഞ്ഞറിഞ്ഞത്‌. 
കൊലപാതക കേസുകൾ ഉൾപ്പെടെ നിരവധി  കേസിലെ പ്രതിയാണ് രതീഷ്. എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിൽ നിരവധി മോഷണക്കേസിലും പ്രതിയാണ്. 1992ൽ ഹൊസ്ദുർഗിൽ നടന്ന കൊലപാതക കേസിൽ ഏഴ് വർഷം  ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ പരപ്പയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top