നീലേശ്വരം
വിരമിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായി നീലേശ്വരം പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡ് പൊതാവൂരിലെ കണ്ടത്തിൽ കുഞ്ഞിരാമൻ. നീലേശ്വരം ബസ് സ്‌റ്റാൻഡ് നിർമാണത്തെ തുടർന്ന് വൺവേ സംവിധാനം ഏർപ്പെടുത്തിയ തളിയിൽ ക്ഷേത്രം റോഡിലെ അപകടക്കുഴികൾ നികത്തുന്ന കുഞ്ഞിരാമന്റെയും ഓട്ടോ ഡ്രൈവർമാരുടെയും ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചത്.
തളിയിൽ ക്ഷേത്രം റോഡിൽ രൂപപ്പെട്ട കുഴികളിൽ വീണ് ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഹോം ഗാർഡ് കുഞ്ഞിരാമനും ഓട്ടോ ഡ്രൈവർമാരും റോഡിലെ കുഴികൾ നികത്താൻ രംഗത്തുവന്നത്. റോഡിലെ കുഴിയുടെ പടമെടുത്ത് നവമാധ്യമത്തിലിടുന്നതിന് പകരം റോഡരികിൽനിന്ന് രണ്ട് കഷണം കല്ലെടുത്ത് ആ കുഴിയിലിട്ട് നികത്തുകയാണ് വേണ്ടതെന്നാണ് കുഞ്ഞിരാമന്റെ അഭിപ്രായം.
വെള്ളിയാഴ്ച വൈകിട്ട് ഓട്ടോ, ടാക്സി ഡ്രൈവർമാരും മാർക്കറ്റിലെ കച്ചവടക്കാരും ഹൈവേ ജങ്‌ഷനിൽ കുഞ്ഞിരാമന് സ്വീകരണം നൽകി. 14 വർഷമായി ഹോം ഗാർഡായി ജോലി ചെയ്യുകയാണ്. കേരള ഹോംഗാർഡ് അസോസിയേഷൻ രൂപീകരിച്ചത് മുതൽ നാലുവർഷം ഇദ്ദേഹം ജില്ലാ സെക്രട്ടറിയായിരുന്നു. മികച്ച സേവനത്തിന് രണ്ടുതവണ ഗുഡ് സർവീസ് എൻട്രിയും ലഭിച്ചിട്ടുണ്ട്. ഭാര്യ: പത്മിനി. മക്കൾ: കാവ്യ, കാർത്തിക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..