21 November Thursday

തീരത്ത്‌ വിദഗ്‌ധരെത്തി; പദ്ധതിയുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

തൃക്കണ്ണാട്‌ കടപ്പുറത്തെത്തിയ വിദഗ്‌ധ സംഘവുമായി സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, കലക്ടർ കെ ഇമ്പശേഖർ, 
പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ലക്ഷ്മി എന്നിവർ സംസാരിക്കുന്നു

തൃക്കരിപ്പൂർ/ ഉദുമ

സ്ഥിരമായി കടൽക്ഷോഭം ഉണ്ടാകുന്ന ഇടങ്ങളിൽ കടൽ സുരക്ഷാ പദ്ധതി ഏർപ്പാടാക്കുന്നത്‌ സംബന്ധിച്ച്‌ പഠിക്കാൻ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻസിസിആർ) സംഘം ജില്ലയിലെത്തി. തൃക്കണ്ണാട്‌, വലിയപറമ്പ്‌ മേഖകളിൽ സംഘം സന്ദർശിച്ചു. 
തൃക്കണ്ണാട് കടൽഭിത്തി നിർമിക്കാനുള്ള ചർച്ചകളാണ്‌  വിദഗ്ധസംഘം നടത്തിയത്‌. ഇതിനുള്ള ഡിസൈനും വിശദ പദ്ധതി റിപ്പോർട്ടും തയ്യാറാക്കാൻ തീരുമാനിച്ചു. 25 കോടി രൂപ ചെലവിൽ രണ്ടുകിലോമീറ്റർ ദൈർഘ്യത്തിൽ ടെട്രാപോഡ് സംവിധാനത്തിൽ കടൽഭിത്തി നിർമിക്കാനാണ്‌ പരിപാടി.
സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, കലക്ടർ കെ ഇമ്പശേഖർ, ഉദുമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ലക്ഷ്മി, മേജർ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനിയർ തുടങ്ങിയവർ വിദഗ്‌ദരുമായി സംസാരിച്ചു. 
ജില്ലയിലെ ഏറ്റവും നീളം കൂടിയ തീരദേശ പഞ്ചായത്തായ വലിയപറമ്പിൽ ഏഴിമല നാവിക അക്കാദമിയുടെ അതിർത്തിയിൽ നിന്നും വടക്ക് മടക്കര അഴിവരെ 19.50 കിലോമീറ്റർ നീളത്തിൽ തീര സംരക്ഷണം ഒരുക്കണമെന്ന് എം രാജഗോപാലൻ എംഎൽഎ ആവശ്യപ്പെട്ടു. ഇതിന്റെ രൂപരേഖ തയാറാക്കുന്നതിനാണ് ഉന്നത സംഘം സന്ദർശിച്ചത്. കാലവർഷത്തിൽ രൂക്ഷമായ കടലാക്രമണം നേരിടുന്ന ഈ പ്രദേശങ്ങളിൽ  തീരസംരക്ഷണ പ്രവർത്തനങ്ങൾ ഒന്നും നടത്തിയിട്ടില്ല. ചെറിയൊരു ഭാഗത്ത് സംരക്ഷണ പ്രവർത്തി നടപ്പിലാക്കിയാൽ പ്രയോജനം ലഭിക്കില്ല. വലിയപറമ്പിന്റെ തീരപ്രദേശം മുഴുവനായും സംരക്ഷണം ഒരുക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്.
ചെന്നൈ ആസ്ഥാനമായുള്ള എൻസിസിആർ, ജലസേചന വകുപ്പിന്റെ  ഉദ്യോഗസ്ഥന്മാരാണ് വലിയപറമ്പിന്റെ മുഴുവൻ തീരപ്രദേശം നേരിട്ട് സന്ദർശിച്ച്  വിശദ വിവരശേഖരണം നടത്തിയത്‌. എം രാജഗോപാലൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്‌ വി വി സജീവൻ, സി നാരായണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ശാസ്‌ത്രജ്ഞരായ സുബ്ബരാജ്, ബി നമിത, പ്രൊജക്ട് അസോസിയേറ്റ് ബി ശിൽപ, എക്സിക്യുട്ടീവ് എൻജിനിയർ ഇ രമേശൻ, എഐമാരായ മധുസൂദനൻ, ടോണി മാത്യു എന്നിവരും ഒപ്പമുണ്ടായി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top