അഡൂർ
ദേലംപാടി മേഖലയിൽ കമ്യൂണിസ്‌റ്റ് പ്രസ്ഥാനം വളർത്തിയെടുക്കാൻ ഹൃദയരക്തം നൽകിയ അനശ്വര രക്തസാക്ഷികളുടെ സ്‌മരണയിൽ അഡൂരിൽ സിപിഐ എം കാറഡുക്ക ഏരിയാസമ്മേളനത്തിന് ആവേശത്തുടക്കം. വീരേന്ദ്രൻ ചാമക്കൊച്ചി, നീർളക്കയ നാരായണ നായ്ക്, പാണ്ടി ദാമോദരൻ, ബാലനടുക്കം രവീന്ദ്ര റാവു എന്നിവരുടെ സ്മരണകൾ തുടിച്ചുനിന്ന സമ്മേളനം, അതിർത്തിദേശത്തെ പാർടിയുടെ പ്രൗഢി വിളിച്ചോതി.
ജന്മി നാടുവാഴിത്വത്തിനെതിരെ ഐതിഹാസിക സമരങ്ങളും പ്രക്ഷോഭങ്ങളും നടന്ന ഏരിയയിലെ അഞ്ച് പഞ്ചായത്തിലും പാർടിയെ കൂടുതൽ ശക്തമാക്കാൻ സമ്മേളനം ആഹ്വനംചെയ്തു. അഡൂർ ടൗണിന് സമീപം പ്രത്യേകം തയ്യാറാക്കിയ പി രാഘവൻ നഗറിൽ എ ചന്ദ്രശേഖരൻ പതാക ഉയർത്തി. നാല് രക്തസാക്ഷി സ്‌മൃതിമണ്ഡപങ്ങളിൽ നിന്നെത്തിയ ദീപശിഖ ജില്ലാ കമ്മിറ്റിയംഗം സിജി മാത്യു, ജാഥാലീഡർമാരായ എ വിജയകുമാർ, കെ നാസർ, ഡി എ അബ്ദുള്ളക്കുഞ്ഞി, പി രവീന്ദ്രൻ എന്നിവരിൽനിന്ന് ഏറ്റുവാങ്ങി സമ്മേളനനഗരിയിൽ തെളിയിച്ചു. സംഘാടകസമിതി ചെയർപേഴ്സൺ എ പി ഉഷ സ്വാഗതം പറഞ്ഞു.
സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. പി ബാലകൃഷ്ണൻ താൽക്കാലിക അധ്യക്ഷനായി. ബി എം പ്രദീപ് രക്തസാക്ഷി പ്രമേയവും കെ വി നവീൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി ബാലകൃഷ്ണൻ, പി പി ശ്യാമളാദേവി, ശ്രീജിത്ത് മഞ്ചക്കൽ, ഡി എ അബ്ദുള്ളക്കുഞ്ഞി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയാ സെക്രട്ടറി എം മാധവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ചയിൽ 25 പേർ പങ്കെടുത്തു. 19 അംഗ ഏരിയാകമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 130 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി കുഞ്ഞിരാമൻ, വി കെ രാജൻ, കെ ആർ ജയാനന്ദ, എം സുമതി, ജില്ലാകമ്മിറ്റി അംഗം സിജി മാത്യു എന്നിവർ സംബന്ധിക്കുന്നു.
വ്യാഴം രാവിലെ ചർച്ചക്കുള്ള മറുപടിയും പുതിയ കമ്മിറ്റി തെരെഞ്ഞെടുപ്പും ജില്ലാ സമ്മേളന പ്രതിനിധി തെരെഞ്ഞെടുപ്പും നടക്കും. പകൽ മൂന്നിന് പള്ളങ്കോട് പാലം കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയർ മാർച്ചും പ്രകടനവും ആരംഭിക്കും. അഡൂർ ടൗണിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സോഫിയ മെഹർ ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..