കാസർകോട്
യുവാവിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികളെ കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. പേരാലിലെ അബ്ദുൾസലാമി(27)നെയാണ് പെർവാഡ് മാളിയങ്കരക്ക് സമീപം കോട്ടയിലെ മൈതാനത്ത് കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 30 നാണ് സംഭവം. മാങ്ങാമുടി സിദ്ദിഖ് (39), ഉമറുൽ ഫാറൂഖ് (29), സഹീർ (32), നിയാസ് (31), ലത്തീഫ് (36), ഹരീഷ് (29) എന്നിവരാണ് കേസിലെ പ്രതികൾ. കുമ്പള ഇൻസ്പെക്ടറായിരുന്ന ഇപ്പോഴത്തെ ബേക്കൽ ഡിവൈഎസ്‍പി വി വി മനോജാണ് കേസന്വേഷിച്ചിരുന്നത്. മാങ്ങാമുടി സിദ്ദിഖിന്റെ മണൽ ലോറി പൊലീസ് പിടിച്ചത് സലാമിന്റെ ഒറ്റുകാരണമെന്ന് സംശയിച്ചായിരുന്നു കൊലപാതകം. അബ്ദുൾസലാമും കൊലക്കേസ് പ്രതിയായിരുന്നു. 29ന് പുലർച്ചെ മൂന്നിന് വീട്ടിൽ കയറി ഉമ്മയെയും തന്നെയും ഭീഷണിപ്പെടുത്തിയതിനാണ് കൊലപാതകമെന്നാണ് സിദ്ദിഖ് പൊലീസിന് മൊഴി നൽകിയത്. സംഭവം നടക്കുമ്പോൾ സിദ്ദിഖ് ഒരു കൊലക്കേസിലും ഉമ്മർ ഫാറൂഖ് രണ്ട് കൊലക്കേസിലും പ്രതിയായിരുന്നു. കൊല നടത്തുമ്പോൾ പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ കുണ്ടങ്കരടുക്കയിലെ ശ്മശാനത്തിലെ ടവറിന് കീഴിലുള്ള കുഴിയിലിട്ട് കത്തിച്ചതിന്റെ തെളിവുകളും അന്വേഷണത്തിൽ നിർണായകമായി. ആയുധങ്ങളും കണ്ടെടുത്തു. ശാസ്ത്രീയ പരിശോധനാ ഫലങ്ങളും പ്രതികൾക്കെതിരായി. കുമ്പള എസ്ഐ ജയശങ്കർ, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ബാലകൃഷ്ണൻ, നാരായണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..