മംഗളൂരു
എയർ ഇന്ത്യയുടെ വഞ്ചനക്കെതിരെ ഒരു ദശാബ്ദം നീണ്ട നിയമ പോരാട്ടം വിഫലമായില്ല, മംഗളൂരു വിമാന ദുരന്തത്തിൽ മരിച്ചയാളുടെ കുടുംബത്തിന‌് സുപ്രീംകോടതി ഉത്തരവിൽ ലഭിച്ചത് 7.64 കോടി രൂപ.
ദുരന്തത്തിൽ മരിച്ച നവി മുംബൈ സ്വദേശിയും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ മിഡിൽ ഈസ‌്റ്റ‌് ഡയരക്ടറുമായിരുന്ന മഹേന്ദ്ര കൊഡ‌്ക്കനി (45)യുടെ ഭാര്യക്കും മക്കൾക്കുമാണ‌് 7.64 കോടിയും ഒമ്പതു ശതമാനം പിലശയും നൽകാൻ കോടതി ഉത്തരവിട്ടത‌്. മലായളിയായ അഭിഭാഷകൻ യശ്വന്ത‌് ഷേണായിയാണ‌് ഇവർക്കായി നിയമപോരാട്ടം നടത്തിയത‌്. മംഗളൂരു വിമാന ദുരന്തത്തിൽ ലഭിച്ച ഉയർന്ന നഷ്ടപരിഹാരമാണ് ഇതെന്ന‌് ഷേണായ‌് പറഞ്ഞു.
1999ലെ മോൺട്രിയൽ ഉടമ്പടി പ്രകാരമുള്ള 72 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നാണ് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുൽ പട്ടേൽ പ്രഖ്യാപിച്ചത‌്.
അതേസമയം എയർ ഇന്ത്യ നിയോഗിച്ച ഏജൻസി എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച‌് നിശ്ചയിച്ച നഷ്ടപരിഹാരം കൊല്ലപ്പെട്ടവരിൽ മുതിർന്നവർക്ക‌് 40മുതൽ 70 ലക്ഷംവരെയും കുട്ടികൾക്ക‌് 25 ലക്ഷവുമാണ‌് .
ഭൂരിപക്ഷം പേരും ഈ തുക കൈപ്പറ്റി. എന്നാൽ ഈ തുക വാങ്ങാതെ നിയമപോരാട്ടവുമായി മുന്നോട്ടുപോകാൻ മഹേന്ദ്രയുടെ കുടുംബം തീരുമാനിച്ചു. ദേശീയ ഉപഭോക്‌തൃ കമീഷൻ ഇവർക്ക‌് 7.35 കോടി നൽകാൻ ഉത്തരവിട്ടു. തുടർന്ന് സുപ്രീംകോടതിയെ സമീപച്ചപ്പോഴാണ‌് 7.64 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
മഹേന്ദ്രയുടെ അമ്മയ‌്ക്ക‌് നേരത്തെ 40 ലക്ഷം രൂപ എയർ ഇന്ത്യ നൽകിയിരുന്നു. മോൺട്രിയൽ ഉടമ്പടി പ്രകാരമുള്ള നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന മംഗളൂരു എയർക്രാഷ് വിക്ടിംസ് ഫാമിലി അസോസിയേഷന്റെ ആവശ്യത്തിൽ കേരള ഹൈക്കോടതി അനുകൂലമായി വിധിച്ചെങ്കിലും ഡിവിഷൻ ബഞ്ച് ഇത് സ്‌റ്റേചെയ്തു.
കേസ് ഇപ്പോൾ സുപ്രീംകോടതിയിലാണ‌്. 158 പേർ കത്തിയമർന്ന മംഗളൂരു വിമാന ദുരന്തത്തിന് വെള്ളിയാഴ്‌ച പത്താണ്ട് തികഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..