രാജപുരം
റാണിപുരം വിനോദ സഞ്ചാരകേന്ദ്രത്തിൽ കാട്ടാനയിറങ്ങിയതിനെ തുടർന്ന് സഞ്ചാരികളുടെ ട്രക്കിങ് നിർത്തിവച്ചു.
റാണിപുരത്തെത്തുന്ന സഞ്ചാരികളുടെ ആകർഷണകേന്ദ്രമായ മാനിപുറത്തും പരിസരത്തും കാട്ടാന ഇറങ്ങിയതോടെ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് വനം വകുപ്പ് ട്രക്കിങ് പൂർണമായും നിർത്തിയത്. പച്ചപ്പുൽമേടുകളാൽ സുന്ദരമായ മാനിപ്പുറം കാണാനാണ് സഞ്ചാരികൾ അധികവും എത്തുന്നത്. ഇവിടെയാണ് കഴിഞ്ഞ ദിവസം കാട്ടാനയെത്തി തമ്പടിച്ചിരിക്കുന്നത്. ട്രക്കിങ് വഴിയിൽ കൊമ്പനാനയാണുള്ളത്.
വ്യാഴാഴ്ച രാവിലെ പരിശോധനക്കിറങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ആനയെ കണ്ടെത്തിയത്. സഞ്ചാരികൾ യാത്ര ചെയ്യുന്ന പാതയ്ക്ക് സമീപത്ത് കൊമ്പനെ കണ്ടതിനാൽ വനത്തിനകത്തേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി.
ദിവസവും രാവിലെ വന സംരക്ഷണ സമിതി വാച്ചർമാർ മാനിപ്പുറത്ത് ആനയുടെ സാന്നിധ്യം മനസ്സിലാക്കുന്നതിന് പരിശോധന നടത്താറുണ്ട്. ആനയില്ല എന്ന് ഉറപ്പാക്കിയിട്ടാണ് സഞ്ചാരികളെ കടത്തിവിടുക. ഇനിയുള്ള ദിവസം സഞ്ചാരികളെ പ്രവേശിപ്പിക്കണമെങ്കിൽ ആനയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..