22 November Friday

റാണിപുരം വികസനത്തിന് വേഗം പോര

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

റാണിപുരത്ത് നിർമാണം ആരംഭിച്ച കുട്ടികളുടെ പാർക്ക് പാതിവഴിയിൽ

രാജപുരം 

റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവൃത്തികൾ എങ്ങുമെത്തിയില്ല.  സഞ്ചാരികളെ ആകർഷിക്കാൻ പല പദ്ധതികൾക്കും തുടക്കമിട്ടെങ്കിലും ഒന്നും പൂർത്തിയാക്കാനായില്ല. 
വിനോദ സഞ്ചാരകേന്ദ്ര വികസനത്തിന്‌ സംസ്ഥാന സർക്കാർ കോടികൾ അനുവദിക്കുമ്പോഴും പദ്ധതി യാഥാർഥ്യമാകുന്നില്ലെന്ന പരാതിയുണ്ട്. തുടങ്ങുന്ന  പ്രവൃത്തി പലതും പാതിവഴിയിൽ ഉപേക്ഷിക്കുന്നു. പദ്ധതി പൂർത്തിയാക്കുന്നതിന്  ഡിടിപിസി അധികൃതരോ, പഞ്ചായത്ത് അധികൃതരോ ശ്രദ്ധിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. 
2021 ഫെബ്രുവരി 21ന് അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് 99 ലക്ഷം രൂപയുടെ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ചത്. ജില്ലാ നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല. എന്നാൽ വർഷം 2 കഴിഞ്ഞിട്ടും നിർമാണം ആരംഭിക്കാത്തതിനാൽ നിർമിതി കേന്ദ്രത്തിന് നൽകിയ കരാർ റദ്ദ്  ചെയ്തു. തുടർന്ന് എസ്റ്റിമേറ്റും നവീകരണ പ്രവൃത്തികളും പുതുക്കി 96 ലക്ഷത്തിന്റെ രണ്ട് നിർമാണമായി കെൽ, സിൽക് കമ്പനികൾക്ക് ടെണ്ടർ നൽകി. കുട്ടികളുടെ പാർക്ക്, നീന്തൽ കുളം, ആയൂർവേദ സ്പാ എന്നിവയുടെ നിർമാണം, കോൺഫറൻസ് ഹാൾ, പവിലിയൻ, കോട്ടേജ്, ടോയ്ലറ്റ് ബ്ലോക്ക് ഉൾപ്പെടെയുള്ള ഡിടിപിസി റിസോർട്ട് നവീകരണം എന്നിവയുടെ നിർമാണമാണ് റാണിപുരത്ത് നടക്കുന്നത്. 
അറ്റകുറ്റപ്പണികൾക്കായി റാണിപുരത്തെ ഡിടിപിസി റിസോർട്ടിലെ പ്രധാന കെട്ടിടം അടച്ചിട്ട നിലയിലാണ്. മലമുകളിലേക്കുള്ള ട്രെക്കിങ്ങാണ് ഇവിടത്തെ പ്രധാന ആകർഷണം.  ട്രെക്കിങ്ങിന് പോകാൻ കഴിയാത്ത കുട്ടികൾക്കും പ്രായമായവർക്കും വിനോദത്തിനായി മറ്റു ഉപാധികൾ ഇവിടെയില്ല.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top