പാലക്കുന്ന്
ഉദുമ പഞ്ചായത്ത് നടപ്പാക്കുന്ന ഉദുമ ബീച്ച് ടൂറിസം പദ്ധതിയുടെ മുന്നോടിയായി ‘ക്ലീൻ ആൻഡ് ബ്യൂട്ടി ഉദുമ’ പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായുള്ള പാലക്കുന്ന് ടൗൺ സൗന്ദര്യവൽക്കരണ പ്രവൃത്തി തുടങ്ങി.
കാസർകോട് -–- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കോട്ടിക്കുളം ജിയുപി സ്കൂൾ മുതൽ പാലക്കുന്ന് മത്സ്യമാർക്കറ്റ് വരെയും കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ മുതൽ അംബിക ഓഡിറ്റോറിയംവരെയുമുള്ള ഭാഗമാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ നടപ്പിലാക്കുന്നത്. പത്തുലക്ഷം രൂപയാണ് ഇതിന് ചെലവഴിക്കുന്നത്. ബേക്കൽ അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷന്റെ എൻട്രി പോയിന്റാണ് കോട്ടിക്കുളം റെയിൽവേ സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്ന പാലക്കുന്ന് ടൗൺ.
ബേക്കൽ പാലം മുതൽ നൂമ്പിൽ അഴിമുഖം വരെയുള്ള ആറു കിലോമീറ്റർ കടൽത്തീരത്തെ സുന്ദരവും ശുചിത്വവുമാക്കി സഞ്ചാരികൾക്ക് പ്രിയങ്കരമാക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. ഇതിനാവശ്യമായ ടൂറിസം പദ്ധതിയുടെ ഡിപിആർ തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും പദ്ധതിയുടെ വിശദ ഡിപിആർ തയ്യാറാക്കി നൽകും.
സർക്കാർ പദ്ധതിക്കായി സാമ്പത്തിക സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണൻ എന്നിവർ ഭാരവാഹികളായി ഭരണസമിതി അംഗങ്ങൾ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
പാലക്കുന്ന് ടൗൺ ക്ലീൻ ആൻഡ് ബ്യൂട്ടി പദ്ധതിക്ക് സന്നദ്ധ സംഘടനകളുടെയും വ്യാപാരികളുടെയും ബാങ്കുകളുടെയും മറ്റ് വൻകിട സ്ഥാപനങ്ങളുടെയും സഹായം പഞ്ചായത്ത് തേടിയിട്ടുണ്ട്. ഇതിനായി കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ് പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി ചെയർമാനായും വ്യാപാരി വ്യവസായി സമിതി ഭാരവാഹി ദിവാകരൻ ആറാട്ട്കടവ് കൺവീനറായും വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹി ജംഷിദ് പാലക്കുന്ന് വർക്കിങ് ചെയർമാനായും ജനകീയ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..