26 December Thursday

മിണ്ടരുതെന്ന്; കരിമ്പിൽ ഔട്ട്

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

കരിമ്പിൽ കൃഷ്‌ണൻ

കാസർകോട്
രാജ്മോഹൻ ഉണ്ണിത്താൻ സ്വന്തക്കാരെ പാർടിയിൽ തിരുകിക്കയറ്റുന്നതിനെതിരെ പ്രതികരിച്ച കെപിസിസി അംഗം കരിമ്പിൽ കൃഷ്ണന് സസ്പെൻഷൻ. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ പുനസംഘടന തർക്കത്തിൽ കഴിഞ്ഞ സെപ്റ്റംബർ 29 ന് ഡിസിസി ഓഫീസിൽ പ്രതിഷേധിക്കുകയും മാധ്യമങ്ങളോട് പാർടി നേതാക്കളെ അപമാനിക്കുന്ന തരത്തിൽ പദപ്രയോഗങ്ങൾ ഉപയോഗിച്ചതിനുമാണ് സസ്പെൻഷനെന്ന്  സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു. 
ജില്ലയിലെ മുതിർന്ന ഐ ഗ്രൂപ്പ് നേതാവ്‌ കൂടിയാണ് കരിമ്പിൽ. ‘‘മണ്ഡലം സമവായ കമ്മിറ്റിയിൽ നിലവിലുള്ള നേതാക്കൾ തുടരാനാണ്‌ ചീമേനിയിൽ ധാരണ. എന്നാൽ ചീമേനി, കരിന്തളം മണ്ഡലങ്ങൾ എനിക്ക്‌ വേണമെന്ന്‌ ഏകപക്ഷീയമായി പറഞ്ഞ്‌, സ്വന്തക്കാരെ തിരുകിക്കയറ്റുകയാണ്‌ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ഇതിനായി സമവായസമിതി അംഗങ്ങളെ ഭീഷണിപ്പെടുത്തി. പ്രവർത്തകരെ കണ്ടാൽ തന്നെ അയാൾ ചീത്ത വിളിക്കുന്നു. തന്തയ്‌ക്കും തള്ളയ്‌ക്കും വിളിക്കുന്നത്‌ വലിയ മാനസിക പ്രശ്‌നങ്ങൾക്കുമിടയാക്കുന്നു’’–- കരിമ്പിൽ കൃഷ്‌ണൻ മാധ്യമങ്ങൾക്ക്‌ മുന്നിൽഅന്ന് പറഞ്ഞതിങ്ങനെ. പരാതി പരിശോധിക്കുമെന്ന് ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ അന്ന് കരിമ്പിലിനും ഒപ്പമുണ്ടായിരുന്ന നൂറോളം പേർക്കും ഉറപ്പുനൽകിയതാണ്. ആ ഉറപ്പ് പാലിച്ചില്ലെന്ന് മാത്രമല്ല, ഇപ്പോഴുണ്ടായ അച്ചടക്കനടപടി ചീമേനി, കരിന്തളം, ചെറുവത്തൂർ , നീലേശ്വരം ഭാഗങ്ങളിൽ കോൺഗ്രസിൽ വലിയ പ്രതിഷേധം ഉയരാനും കാരണമാകും.
പുനഃസംഘടനയ്‌ക്ക്‌ മുമ്പുതന്നെ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പ്രാദേശിക നേതൃത്വങ്ങൾ വലിയ കലാപത്തിലായിരുന്നു. അതിനെ അടിച്ചമർത്തുക എന്ന ലക്ഷ്യവും ഇപ്പോഴത്തെ അച്ചടക്കനടപടിക്ക് പിന്നിലുണ്ട്. മണ്ഡലം കമ്മിറ്റി മുതൽ ഡിസിസി നേതൃത്വംവരെ സ്വന്തക്കാരെ തിരുകിക്കയറ്റി പാർടി പിടിക്കാനാണ്‌ ഉണ്ണിത്താൻ ശ്രമിക്കുന്നതെന്ന്‌ പാർടിയിലെ വലിയൊരുവിഭാഗം പറയുന്നു. 
ഡിസിസി പുനഃസംഘടനയിലെ തർക്കവും സമാനമായി തെരുവിലെത്തിയതാണ്. ഉണ്ണിത്താനെ ഡിസിസി ഓഫീസിൽ കയറ്റില്ലെന്നുവരെ അന്ന് മുതിർന്ന നേതാക്കൾ പ്രഖ്യാപിച്ചു. ഇതോടെ സ്വന്തക്കാരെ വിളിച്ച്‌ ഗസ്‌റ്റ്‌ ഹൗസുകളിലാണ്‌ ഉണ്ണിത്താൻ രഹസ്യയോഗം  ചേരുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top