കാഞ്ഞങ്ങാട്
ശനിയാഴ്‌ച വൈകീട്ടുണ്ടായ മിന്നലിൽ അജാനൂർ പഞ്ചായത്തിലെ വെള്ളിക്കോത്തും പനയാലിലും വ്യാപകനാശം. വെള്ളിക്കോത്ത് വീണച്ചേരിയിൽ ഇരുപതോളം വീടുകൾക്ക് കേടുപാടുകളുണ്ടായി. ഒരു വീട് പൂർണ്ണമായും അഞ്ചോളം വീടുകൾ ഭാഗികമായും നാശത്തിനിരയായി. കാർഷികവിളകൾക്കും നാശമുണ്ടായി. പനയാലിൽ വീടുകളുടെയും സ്‌കൂളിന്റെയും വയറിങ് കത്തിനശിച്ചു. പനയാൽ എസ്എംഎഎയുപി സ്കൂളിലെ വയറിങാണ് കത്തിനശിച്ചത്.
നാരായണിക്കിത് പുനര്‍ജന്മം
രാത്രിയിൽ വിശ്രമത്തിനിടെ മിന്നലേറ്റ് വീടിന്റെ തറയിളകിപ്പോയ നടുക്കത്തിലാണ് വെള്ളിക്കോത്ത് വീണച്ചേരിയിലെ വടക്കേവീട്ടിൽ നാരായണി. ശനി രാത്രി എട്ടോടെയുണ്ടായ മിന്നലിൽ പ്രദേശത്തെ പതിനഞ്ചോളം വീടുകൾക്കാണ് നാശമുണ്ടായത്. വീട്ടിലെ ഹാളിനകത്ത് കിടക്കുകയായിരുന്നു നാരായണി. കിടന്ന ഹാളിന്റെ ചുമരിനുപുറത്ത് ചെങ്കല്ലിൽ കെട്ടിയ വീട്ടിന്റെ വരാന്തയാകെ ഉഴുതുമറിച്ചിട്ട നിലയിലായിരുന്നു. പൂജാമുറിയിലെ ചെമ്പുപാത്രങ്ങളും ചുമരും തകർന്നു. മുറ്റത്തെ അഞ്ച് തെങ്ങുകൾ കത്തി. ഇലക്ട്രിക് ഉപകരണങ്ങളെല്ലാം നശിച്ചു.
അയൽവാസിയായ വി മോഹനന്റെയും ശൈലജയുടെയും വീട്ടിലും സ്ഥിതിയും ഭീകരമാണ്. ടിവി, എസി, വാഷിങ് മെഷീൻ, ഫാൻ, ബൾബ് മുതൽ വൈദ്യുതമീറ്റർ വരെ ഒരു ഉപകരണങ്ങളും ബാക്കിയായില്ല. ഓരോവീട്ടിലും ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്.
കിണറുകളിലെ മോട്ടോറുകൾ കത്തിയുരുകി കുടിവെള്ളം ഉപയോഗശൂന്യമായി. ജനൽചില്ലുകളെല്ലാം പൊട്ടിത്തെറിച്ചു. അടുത്തിടെ ഗൃഹപ്രവേശം കഴിഞ്ഞ ശൈലജയുടെ വീട്ടിന്റെ ചുമരിന് വിള്ളൽ വീണു. വടക്കേവീട് തറവാട്, ബി ഹുസൈൻ, ബി മറിയം, സി മറിയം, ബി അബ്ദുൾ ഖഫൂർ, സലീമ, ജലീൽ, ബി മജീദ്, സി എച്ച് അസീസ്, ബഷീർ, മുരളി, ഹമീദ്, മൊയ്തു, കുട്ടി, നാരായണൻ, പുഷ്പലത തുടങ്ങിയവരുടെയെല്ലാം വീടുകളിലും ഏറിയും കുറഞ്ഞും നാശമുണ്ട്.
വിവരമറിഞ്ഞ് ശനി രാത്രിയോടെ അഗ്നിരക്ഷാസേന എത്തിയിരുന്നു. ഞായറാഴ്ച ഇ ചന്ദ്രശേഖരൻ എംഎൽഎ, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ, വൈസ് പ്രസിഡന്റ് കെ സബീഷ്, ബ്ലോക്ക് പഞ്ചായത്തംഗം എ ദാമോധരൻ, അജാനൂർ പഞ്ചായത്തംഗം എം ബാലകൃഷ്ണൻ, സിപിഐ എം നേതാക്കളായ എം പൊക്ലൻ, വി വി തുളസി, ശിവജി വെള്ളിക്കോത്ത്, ഗിനീഷ് വെള്ളിക്കോത്ത് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. റവന്യു ഉദ്യോഗസ്ഥർ നാശത്തിന്റെ വ്യാപ്‌തി കണക്കാക്കി.
പനയാലിലും നാശം
ശനിയാഴ്‌ച രാത്രിയുണ്ടായ മിന്നലിൽ പനയാലിലും വ്യാപകനാശം. വീടുകളുടെയും സ്‌കൂളിന്റെയും വയറിങ് കത്തിനശിച്ചു. പനയാൽ എസ്എംഎഎയുപി സ്കൂളിലെ വയറിങാണ് കത്തിനശിച്ചത്. കേരളോത്സവ പരിപാടിക്കായി എത്തിച്ച പി ആർ ലൈറ്റ് ആന്റ് സൗണ്ടിന്റെ ഉപകരണങ്ങൾക്കും കേടുപാടുണ്ടായി. രണ്ട് ജനറേറ്ററുകളും തകരാറിലായി. സ്‌കൂളിന് സമീപത്തെ കൃഷ്‌ണൻ നായരുടെയും അയൽവാസികളുടെയും വീടുകളിലെ വയറിങ് ഫാൻ, ടിവി, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ തകരാറിലായി. ജനൽ ഗ്ലാസുകൾ തകർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..