പള്ളിക്കര
മത്സ്യത്തൊഴിലാളി മേഖലകളിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഭവന പദ്ധതിയായ പുനർഗേഹം പദ്ധതി പള്ളിക്കരയിൽ വേഗത്തിലാക്കണമെന്ന് ആവശ്യമുയർന്നു. തീരദേശത്ത് വേലിയേറ്റ പ്രദേശത്ത് 50 മീറ്റര്‍ പരിധിക്കുള്ളിൽ കഴിയുന്ന കുടുംബങ്ങളെ സുരക്ഷിതമേഖലയില്‍ പുനരധിവസിപ്പിക്കുന്നതാണ് പുനര്‍ഗേഹം പദ്ധതി. പള്ളിക്കര പഞ്ചായത്തിൽ ബേക്കൽ കോട്ടക്കും ബീച്ചിനുമിടിയിലുള്ള പള്ളിക്കര മിഷൻ കോളനിയിലും വാടക വീടുകളിലും താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്കാണ് വീടുകൾ നിർമിച്ചു നൽകുന്നത്.
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം രൂക്ഷമായി കടലാക്രമണം നേരിടുന്ന പ്രദേശമാണ് പള്ളിക്കര. പള്ളിക്കര മിഷൻ കോളനിയിൽ നിരവധി വീടുകളാണുള്ളത്. കടൽക്ഷോഭമുണ്ടായാൽ ഭീതിയോടെയാണ് ഇവർ വീടുകളിൽ കഴിയുന്നത്. കടൽക്ഷോഭത്തിൽ പലപ്പോഴും വീടുകളിൽ വെള്ളം കയറുകയും നശിക്കുകയും ചെയ്യുന്നുണ്ട്. ഈ സമയം മാറ്റിപ്പാർപ്പിക്കുന്നത് വലിയ പ്രയാസമാണ്. കഴിഞ്ഞ വർഷം രൂക്ഷമായ കടലാക്രമണമുണ്ടായ സമയത്ത് മന്ത്രി സജി ചെറിയാൻ
പള്ളിക്കര മിഷൻ കോളനിയിൽ സന്ദർശിച്ച ശേഷമാണ് പുനര്‍ഗേഹം പദ്ധതി പ്രഖ്യാപിച്ചത്. തുടർന്ന് പള്ളിക്കര ബീച്ച് പാർക്കിന് സമീപത്ത് പള്ളിക്കര തൊട്ടിയിലെ ഹംസയുടെ 2.43 ഏക്കർ ഫിഷറീസ് വകുപ്പ് വാങ്ങി. സെന്റിന് രണ്ടുലക്ഷവരെ നൽകിയാണ് സ്ഥലം ഏറ്റെടുത്തത്. ഇവിടെ വീടുകൾ വച്ച് പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..