കാസർകോട്> കസബ കടപ്പുറത്തെ ടൂറിസം പാർക്ക് പുതുമോടിയിലേക്ക്. പാർക്ക് നടത്താൻ സ്വകാര്യ സംരംഭകൻ പാട്ടത്തിന് ഏറ്റെടുത്തു. ടുറിസം വകുപ്പ് 35 ലക്ഷം രൂപ ചെലവിട്ട് 50 സെന്റ് സ്ഥലത്ത് കാസർകോട് കസബ കടപ്പുറത്ത് നിർമിച്ച പാർക്ക് 2016 ൽ ഉദ്‌ഘാടനം ചെയ്‌തതാണ്.
റെസ്‌റ്റോറന്റ്, കുട്ടികളുടെ പാർക്ക്, കായലും കടലും കണ്ടാസ്വദിക്കാനുള്ള സൗകര്യങ്ങൾ എന്നിവയുമുണ്ടായിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനായിരുന്നു ചുമതല. നടത്തിപ്പിന് ആരും വരാത്തതിനാൽ പാർക്ക് അനാഥമായി.
പിന്നീട് എല്ലാം നശിച്ചു. ഇതിനിടയിൽ ചില സംരംഭകർ ഏറ്റെടുത്ത് നടത്താൻ ശ്രമിച്ചുവെങ്കിലും നടന്നില്ല.
സെവൻസ് ഫുട്‌ബോൾ ടർഫ്
കാസർകോട്ടെ കെ വി സെബിൻ കുമാറാണ് പാർക്കിന്റെ സ്ഥലം പാട്ടത്തിന് ഏറ്റെടുത്തത്. 50 ലക്ഷം രൂപ ചെലവിലുള്ള പദ്ധതിയാണ് ഇവിടെ നടപ്പാക്കുക. സെവൻസ് ഫുട്‌ബോൾ ടർഫാണ് മുഖ്യ ആകർഷണം.
നിലവിൽ അഞ്ച് പേർക്ക് കളിക്കാനുള്ള ഫുട്‌ബോൾ ടർഫാണ് കാസർകോടുള്ളത്. ദിവസം 10 ടീമുകൾ കളിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ള തുറന്ന സ്ഥലത്ത് ക്രാഫ്‌റ്റ് മാതൃകയിൽ റൈസ്‌റ്റോറന്റും കുട്ടികൾക്ക് പാർക്കും ഒരുക്കും. മുന്നിലുള്ള കായലിൽ വിനോദ സഞ്ചാരികൾക്കായി ഫൈബർ ബോട്ടും തോണിയും ഒരുക്കും.
ചൂണ്ടയിട്ട്
മീൻപിടിക്കാം
പാർടികൾ, വിവാഹം, സേവ് ദി ഡേറ്റ് വീഡിയോ ഷൂട്ട് എന്നിവയ്‌ക്ക് ആകർഷണീയമായ കേന്ദ്രമാണ്. കാസർകോട് മീൻപിടുത്ത തുറമുഖം, പുലിമുട്ടുകൾ, കായൽ, കടൽ, തളങ്ക ഹാർബർ, കണ്ടൽ വനം, സീവ്യൂ പാർക്ക് എന്നിവ തൊട്ടരികിലുണ്ട്. തത്സമയം ചൂണ്ടയിട്ട് മീൻപിടിക്കാൻ പറ്റിയ സ്ഥലമാണ്. കാഴ്‌ചയുടെ നിറവാണ് വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇവർക്കായി പ്രത്യേകം ഇരിപ്പിടമൊരുക്കും. കാസർകോട് നഗരത്തിൽ നിന്ന് നാല് കിലോ മീറ്റർ മാത്രമാണ് ദൂരമുള്ളത്. ബേക്കൽ കോട്ടയിൽ നിന്ന് 18 കിലോമീറ്ററും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..