02 November Saturday

മൊബൈൽ ഫോൺ തട്ടി മുങ്ങേണ്ട; പിന്നാലെയുണ്ട്‌ ഒരാൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

കാസർകോട്‌ സൈബർ സ്‌റ്റേഷനിലെ സിവിൽ പൊലീസ്‌ ഓഫീസർ സി സജേഷ്‌

കാസർകോട്‌
മൊബൈൽ ഫോൺ മോഷ്ടിച്ച്‌ എവിടെ ഒളിച്ചാലും പിന്നാലെയുണ്ടാകും എരിഞ്ഞിപ്പുഴക്കാരൻ സിവിൽ പൊലീസ്‌ ഓഫീസർ. കാസർകോട്‌ സൈബർ പൊലീസ്‌ ടീമിലെ സിപിഒ സി സജേഷ്‌ 2023 മുതൽ ഇതുവരെ നഷ്ടപ്പെട്ട 214 മൊബൈൽ ഫോണുകളാണ്‌  കണ്ടെത്തി ഉടമയ്‌ക്ക്‌ തിരികെ നൽകിയത്‌. ജില്ലാ പൊലീസ്‌ മേധാവിയുടെ മേൽനോട്ടത്തിലാണ്‌ ജില്ലാ സൈബർ സെല്ലിന്റെ പ്രവർത്തനം. നഷ്ടപ്പെടുന്ന മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിൽ പ്രാവീണ്യം തെളിയിച്ച സജേഷിനെയാണ്‌ ഇതിനായി നിയോഗിച്ചത്‌. 
കേരളത്തിന്‌ പുറത്തും വിദേശത്തുമായി നഷ്ടപ്പെട്ട ഫോണുകൾപോലും നാളുകൾക്കുള്ളിൽ കണ്ടെത്താൻ സജേഷിന്‌ സാധിച്ചു. സൈബർ പൊലീസിന്റെ സാങ്കേതികവിദ്യാ പരിശീലനം പൂർത്തിയാക്കിയാണ്‌ സജേഷ്‌ ഈ രംഗത്ത്‌ മികവ്‌ പുലർത്തുന്നത്‌. കേരളത്തിൽനിന്നും മോഷണംപോയ അമ്പതിലേറെ ഫോൺ കണ്ടെത്തിയത്‌ കർണാടക, തമിഴ്‌നാട്‌, ഹരിയാന, ഉത്തർപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ്‌. നഷ്ടപ്പെട്ട ഫോണിന്റെ ഐഎംഇഐ നമ്പർ ഉപയോഗിച്ച്‌ എവിടെ ഓണാകുന്നുവോ അപ്പോൾതന്നെ പിടികൂടാൻ കഴിയുംവിധം സൂക്ഷ്‌മമായി നിരീക്ഷിച്ചാണ്‌ ലൊക്കേഷൻ കണ്ടെത്തുക. അപ്പോൾതന്നെ അവിടുത്തെ പൊലീസിനെ വിവരമറിയിക്കും. ഇവർ ഫോൺ കൈവശം വച്ചയാളെ കണ്ടെത്തി ഫോൺ കൊറിയറായി കാസർകോട്‌ സൈബർ സ്‌റ്റേഷനിലേക്ക്‌ അയച്ചുകൊടുക്കും. ഇവിടെനിന്നും ഉടമയ്‌ക്ക്‌ കൈമാറും.
 ജനുവരിയിൽ ചായ്യോത്ത്‌ സ്വദേശിയായ പ്രവാസിയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന ഐ ഫോൺ നാട്ടിലേക്ക്‌ വരാനിരിക്കെ ഷാർജയിൽ നഷ്ടപ്പെട്ടു. ഉടൻ ഷാർജ പൊലീസിൽ പരാതി നൽകി. ഒപ്പം കാസർകോട്‌ സൈബർ സ്‌റ്റേഷനിലേക്ക്‌ ഓൺലൈനായും പരാതി നൽകി.  സജേഷ്‌ നടത്തിയ  അന്വേഷണത്തിലൂടെ ആറ്‌ മാസത്തിനുശേഷം സൗദിയിൽ ഫോൺ ഓണായതായി കണ്ടെത്തി. കണ്ണൂർ സ്വദേശിയായ ഫോൺ കടയുടമയുടെ കൈവശമാണ്‌ ഫോണുണ്ടായിരുന്നത്‌. ഇദ്ദേഹം കേരളത്തിലെ സിംഫോണിൽ ഇട്ടതിന്‌ പിന്നാലെയാണ്‌ ലൊക്കേഷൻ ലഭിച്ചത്‌. ഉടൻ ഷാർജ പൊലീസിനെ വിവരമറിയിച്ചു. പാകിസ്ഥാൻ സ്വദേശിയാണ്‌ തനിക്ക്‌ ഫോൺ തന്നതെന്ന്‌ ഇയാൾ അറിയിച്ചു.  ഇരുവരെയും കോടതിയിൽ ഹാജരാക്കിയശേഷം ഷാർജ പൊലീസ്‌ കോടതി മുഖാന്തിരം ചായ്യോത്ത്‌ സ്വദേശിക്ക്‌ ഫോൺ തിരികെ നൽകി.  പാകിസ്ഥാൻ പൗരനെ ശിക്ഷിച്ചു. ഇത്‌  പൊലീസ്‌ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമെന്ന്‌ സജേഷ്‌. സൈബർ സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ഉൾപ്പെടെ സഹപ്രവർത്തകർ നൽകുന്ന അകമഴിഞ്ഞ പിന്തുണ  ഈ രംഗത്ത്‌ മികവ്‌ പുലർത്തുന്നതിൽ  പ്രചോദനമെന്ന്‌ സജേഷ്‌ പറയുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top