08 September Sunday

മുളവന്നൂർ മുളയുടെ നാട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

മുളവന്നൂരിലെ മുളങ്കൂട്ടം

കാഞ്ഞങ്ങാട്‌ 
കോടോം– ബേളൂർ പഞ്ചായത്തിലെ മുളവന്നൂരിൽ ആരും മുളകൾ നട്ടുവളർത്തുന്നില്ല. എന്നാൽ ഗ്രാമത്തിലെ പറമ്പിലും പാറ പ്രദേശത്തും നാട്ടിടവഴികളിലുമെല്ലാം മുള തഴച്ചുവളരുന്നത്‌ കൗതുക കാഴ്‌ചയാണ്‌.  
മുള വനം ഉള്ള ഊരാണ്‌ മുളവന്നൂരായി മാറിയെതെന്ന്‌ പറയുന്നു.  അതുകൊണ്ട്‌ നാട്ടുകാർ മുളക്കൂട്ടങ്ങൾ  നശിപ്പിക്കാറില്ല.   മുളവന്നൂരിന്റെ  പേരും പെരുമയും  നിലനിർത്തുന്നതുതന്നെ  യഥേഷടം വളരുന്ന മുളകളാണ്‌. മുളയും മുളിപ്പുല്ലും വളരുന്ന  ഗ്രാമത്തിന്റെ കാവലാളെന്ന്‌ വിശ്വസിക്കുന്ന ഇവിടത്തെ ക്ഷേത്ര കഴകവുമായി ബന്ധപ്പെട്ടാണ്‌ ഗ്രാമത്തിന്‌ പേരുവന്നതെന്നും കരുതുന്നു.   
മണിയാണി സമുദായത്തിന്റെ നാല്‌ പ്രധാന കഴകങ്ങളായ കണ്ണോത്ത്, കാപ്പാട്ട്, കല്ല്യോട്ട്, കേണമംഗലം കഴകങ്ങളിലെ  പെരുങ്കളിയാട്ടത്തിന്‌ മുഖ്യദേവതമാരുടെ തിരുമുടിക്കുള്ള നീളമുള്ളതും കരുത്തുള്ളതുമായ മുളകൾ കൊണ്ടുപോവുന്നത്‌ ഇവിടത്തെ കഴകത്തിൽ നിന്നാണ്. വളരെ മുമ്പ്‌ കർഷകർ വീടുനിർമാണത്തിന്‌ പ്രധാനമായി ഉപയോഗിച്ചത്‌ മുളകളാണ്‌. 
കഴുക്കോലും ഉത്തരവും വാരിയും വാതിലും ജനലും മച്ചും എല്ലാം  മുള കൊണ്ടാണ്‌ നിർമിച്ചത്‌.  ജലസേചനത്തിന്‌ പാത്തിയായും നേന്ത്രവാഴക്ക്‌ താങ്ങായും ഇത്‌ ഉപയോഗിച്ചിരുന്നു. മുളയുടെ കൂമ്പ്  വറവു കറിയായും മുളയരി  ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവായും മൂളവന്നുരുകാർ  ഇന്നും ഉപയോഗിക്കുന്നുണ്ട്‌.  വളമോ  പരിചരണമോ ഇല്ലാതെ വളരുന്ന  ഇവിടത്തെ മുളങ്കുട്ടങ്ങൾ പക്ഷിമൃഗാദികളുടെ ആവാസകേന്ദ്രവുമാണ്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top