നീലേശ്വരം
തൃക്കരിപ്പൂര്‍ മണ്ഡലം ജനകീയസദസ്സില്‍ ഉയര്‍ന്നുവന്നത് വിവിധ പ്രദേശങ്ങളില്‍ അനുഭവിക്കുന്ന ഗതാഗത പ്രശ്‌നങ്ങള്‍. നേരത്തെ ഉണ്ടായിരുന്ന ബസ്സുകള്‍ നിര്‍ത്തലാക്കിയതും പുതിയ ബസ്സുകള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും യോഗത്തില്‍ ചർച്ച ഉയര്‍ന്നു.
പഞ്ചായത്ത് പ്രസിഡന്റുമാര്‍ ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഗതാഗത പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. തൃക്കരിപ്പൂരില്‍ നിന്നും രാവിലെ പയ്യന്നൂര്‍, ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്താന്‍ ബസ് അനുവദിക്കണമെന്ന ആവശ്യമാണ് പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ ഉന്നയിച്ചത്. കാരി തലിച്ചാലം വഴി പയ്യന്നൂരില്‍ നിന്നും നേരത്തെയുണ്ടായിരുന്ന ബസ്സുകള്‍ പുനസ്ഥാപിക്കണമെന്ന് ഉടുമ്പുന്തല –- വെള്ളാപ്പ് തീരദേശ റൂട്ട് വഴി കൂടുതല്‍ ബസ് വേണമെന്നും ആവശ്യപ്പെട്ടു.
വലിയപറമ്പ പഞ്ചായത്തിലെ തെക്കന്‍മേഖലയായ തയ്യില്‍ സൗത്ത് ഉള്‍പ്പടെയുള്ള ഭാഗത്തേക്ക് ബസ് അനുവദിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി വി സജീവന്‍ പറഞ്ഞു. പടന്നയെയും കാസര്‍കോടിനെയും ബന്ധിപ്പിച്ച് ബസ് ആരംഭിക്കണമെന്നും തീരദേശ മേഖലയില്‍ കൂടുതല്‍ ബസ് അനുവദിക്കണമെന്നും പ്രസിഡന്റ് മുഹമ്മദ് അസ്ലം ആവശ്യപ്പെട്ടു.
നീലേശ്വേരം നഗരസഭയിലെ ഗതാഗത പ്രശ്‌നം സംബന്ധിച്ച് വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫിയും ചെറുവത്തൂര്‍ പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍ പ്രസിഡന്റ് സി വി പ്രമീളയും ഉന്നയിച്ചു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി പഞ്ചായത്തിലെ യാത്രാപ്രശ്‌നം സൂചിപ്പിച്ചു.
പാലാവയല്‍ കാവുംന്തല ഉള്‍പ്പെടെ മലയോര മേഖലയിലെ യാത്രാപ്രശ്‌നങ്ങളും യോഗത്തില്‍ ഉയർന്നു. നീലേശ്വരത്തെ ബന്ധിപ്പിച്ച് തീരദേശ മേഖലയില്‍നിന്ന് വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് ബസ് അനുവദിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു.
നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് ബന്ധപ്പെട്ട വകുപ്പിന് കൈമാറി ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് എം രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..