കാസർകോട്
മാലിന്യമുക്ത നവകേരളം ക്യാമ്പയിനിനൊപ്പം എല്ലാവരും ചേരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി പറഞ്ഞു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന രാഷ്ട്രീയപാർടി പ്രതിനിധികളുടെ ജില്ലാ തല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പഞ്ചായത്തുകളെ ദത്തെടുത്ത് ശുചീകരിക്കുന്ന പ്രവർത്തനങ്ങളിലേക്ക് രാഷ്ട്രീയ പാർടികൾ മാറണം. കടലോരങ്ങളും പുഴയോരങ്ങളും പാതയോരങ്ങളുമെല്ലാം ശുചീകരിച്ച് 2025 ഓടെ മാലിന്യമുക്ത നവകേരളം സാധ്യമാക്കണം. അവർ പറഞ്ഞു. ക്യാമ്പയിനിന്റെ വിജയത്തിനായി ജില്ലാ തലം മുതൽ വാർഡ് തലം വരെ നിർവഹണ സമിതി രൂപീകരിച്ച് പ്രവർത്തിക്കും. '
നിലവിൽ യുവാക്കൾ ഹരിതകർമസേനയുമായി ചേർന്ന് ഒരു വാർഡിൽ രണ്ട് ദിവസം എന്ന ക്രമത്തിൽ ഗൃഹസന്ദർശനം നടത്തി വരികയാണ്. ശേഷം ഓരോ വീടുകളിലെയും മാലിന്യ സംസ്‌കരണ രീതി പഠിച്ച് പരിമിതി തിരിച്ചറിയും. പത്ത് മുതൽ 50 വരെ വീടുകൾക്കായി സെപ്തംബർ ഒന്ന് മുതൽ 10വരെ യുവതയുടെ നേതൃത്വത്തിൽ വീട്ടുമുറ്റ ശുചിത്വ സദസ് നടക്കും.
പല തദ്ദേശ സ്ഥാപനങ്ങളിലും ഹരിതകർമസേനയുടെ കവറേജ് 50 ശതമാനം മാത്രമാണ്. ക്യാമ്പയിനിന്റെ ഭാഗമായി അത് ഉയർത്തി കൂടുതൽ മികച്ച പ്രവർത്തനം നടത്തണം. ഒക്ടോബർ രണ്ടിന് ഉദ്ഘാടനം നടക്കുന്ന ക്യാമ്പയിൻ 2025 മാർച്ച് 30ന് സമാപിക്കും.
യോഗത്തിൽ ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ പി ജയൻ അധ്യക്ഷനായി. നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ വിഷയം അവതരിപ്പിച്ചു.
എം കുഞ്ഞമ്പു നമ്പ്യാർ, സി പി ബാബു, ടി എം എ കരീം, സുബൈർ പടുപ്പ്, എം ഉമ, അബ്ദുള്ളകുഞ്ഞി ചെർക്കള, കെ ബി മുഹമ്മദ്, ഡോ. സൂരജ്, കെ അജയകുമാർ, സനൽ തുടങ്ങിയവർ സംസാരിച്ചു. ബി എൻ സുരേഷ് സ്വാഗതവും എച്ച് കൃഷ്ണ നന്ദിയും പറഞ്ഞു. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലാ സംഘാടക സമിതി യോഗം 31 പകൽ രണ്ടിന് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..