24 December Tuesday
രോഗം വന്നത് മുംബൈയിൽനിന്ന്

ആശങ്ക വേണ്ട

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024
കാസർകോട് 
അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ മരിച്ചതായി സംശയിക്കുന്ന ചട്ടഞ്ചാൽ സ്വദേശിക്ക്‌ രോഗം പിടിപെട്ടത്‌ മുംബൈയിൽ നിന്നായതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന്‌ ആരോഗ്യവകുപ്പ്‌.  എന്നാലും രോഗം വരാതിരിക്കാനുള്ള പൊതുവായ നിർദേശങ്ങൾ പാലിക്കണമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു.
പത്തുവർഷമായി മുംബൈയിൽ ജോലി ചെയ്തുവരികയായിരുന്നു മരിച്ച യുവാവ്‌.  സെപ്‌തംബർ ആദ്യ വാരമാണ്‌ നാട്ടിലെത്തിയത്‌.  വരുന്ന സമയത്ത്  പനിയുണ്ടായിരുന്നതിനാൽ ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി അവിടെ അഡ്മിററ്റായി. 
രോഗം ഭേദമാകാത്തതിനാൽ നാല്‌ ദിവസത്തിനുശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

എന്താണ്‌ അമീബിക് 
മസ്തിഷ്ക ജ്വരം 

പ്രാഥമിക ലക്ഷണങ്ങൾ

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്

കുട്ടികളിൽ  കാണുന്ന ലക്ഷണങ്ങൾ 

ക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, 
സാധാരണമല്ലാത്ത പ്രതികരണങ്ങൾ.

രോഗം ഗുരുതരമായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവയുണ്ടാവും.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായുണ്ടാകുന്ന രോഗബാധയാണ്  അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക്  എൻസെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗമുണ്ടാകുന്നത്.

മൂക്കിനേയും മസ്തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോയാണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് പകരില്ല.

വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയുംചെയ്യുന്നു. രോഗാണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒമ്പത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണം പ്രകടമാകും.

പ്രതിരോധ മാർഗങ്ങൾ 

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും  ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക 

വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ്‌ പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക 

ജലസ്രോതസ്സുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക

മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണമായും ഒഴിവാക്കുക

നീന്തൽ കുളങ്ങളിൽ പാലിക്കേണ്ടവ 

ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായും ഒഴുക്കിക്കളയുക 

സ്വിമ്മിങ്‌ പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകുക 

പ്രതലങ്ങൾ നന്നായി ഉണങ്ങാൻ അനുവദിക്കുക 

കുളങ്ങളിലെ ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കുക 

പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത ശേഷം ഉപയോഗിക്കുക 

വെള്ളത്തിന്റെ അളവിനനുസരിച്ച്, അഞ്ച്‌ ഗ്രാം ബ്ലീച്ചിങ്‌ പൗഡർ 1000 ലിറ്റർ വെള്ളത്തിന് എന്ന ആനുപാതത്തിൽ ക്ലോറിനേറ്റ് ചെയ്യുക

ക്ലോറിൻ ലെവൽ 0.5 പിപിഎം മുതൽ 3 പിപിഎം ആയി നിലനിർത്തുക

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top