വെള്ളരിക്കുണ്ട്
യൂട്യൂബിൽ നാല് ലക്ഷത്തോളം പ്രേക്ഷകർ കണ്ട പതിനഞ്ചോളം പുരസ്‌കാരം നേടിയ ‘വധു വരിക്കപ്ലാവ്' എന്ന ഹ്രസ്വചിത്രത്തിനുശേഷം ഫുട് വേർ എന്ന പുതുചിത്രവുമായി ചന്ദ്രു വെള്ളരിക്കുണ്ട്. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച മുൻചിത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പാദം എവിടെ എന്ന അർഥം വരുന്ന ‘ഫുട് വേർ' എന്ന 90 സെക്കന്റ് ദൈർഘ്യമുള്ള മൈക്രോ ചിത്രം. അഭിനേതാക്കളോ സംഭാഷണമോ ഇല്ലാതെ പരീക്ഷണ ചിത്രമായി ഒരുക്കിയ ഈ ചിത്രം പുനെയിൽ നടക്കുന്ന മുംബൈ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. '90 സെക്കന്റ് ഫിലിംസ്' മത്സര വിഭാഗത്തിലേക്കാണ് 'ഫുട് വേറി' ന് നോമിനേഷൻ ലഭിച്ചത്.
പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്തുള്ള നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിൽ 25 മുതൽ 28 വരെയാണ് ഫെസ്റ്റിവൽ.രാജ്യത്തിനകത്തും പുറത്തുനിന്നുമായി ഷോർട്ട് ലിസ്റ്റ് ചെയ്‌ത 25 മൈക്രോ സിനിമകളിൽ കേരളത്തിൽനിന്നും ഫൈനൽ ലിസ്റ്റിൽ ഉൾപ്പെട്ട ഏക ചിത്രമാണ് ഫുട് വേർ'. ഫെസ്റ്റിന്റെ അവസാന ദിവസമായ 28നാണ് ഫലപ്രഖ്യാപനവും പുരസ്‌കാര ദാനവും.
സിനിമയുടെ ആശയം, സംവിധാനം, എഡിറ്റിങ് എന്നിവ നിർവഹിച്ചത് ചന്ദ്രുവാണ്. ക്യാമറ വൈശാഖ്, പശ്ചാത്തല സംഗീതം ഡി ബ്ലാൻഡോ, ആർട്ട് കൃഷ്ണൻ കോളിച്ചാൽ, ആർട്ട് അസിസ്റ്റന്റ് പ്രദീപ് ഒടയഞ്ചാൽ, സ്റ്റിൽസ് ജിഷ്ണു ഒടയഞ്ചാൽ, അസിസ്റ്റന്റ്‌സ് നബിൻ ഒടയഞ്ചാൽ, ജയേഷ് കൊടക്കൽ, പ്രൊഡക്ഷൻ സഹായികൾ: അജിത് ഒടയഞ്ചാൽ, ശിവ ഒടയഞ്ചാൽ. ക്രിയേറ്റീവ് ഹെഡ് : സി പി ശുഭ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ. ഒടയഞ്ചാൽ പാക്കത്തെ ഗിരീഷിന്റെ വീട്ടുപരിസരത്താണ് നാല് മണിക്കൂർ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..