08 September Sunday
മലയോര ഹൈവേ

തടസ്സങ്ങളില്ലാതെ വനമേഖല

പി കെ രമേശൻUpdated: Thursday Oct 24, 2019
വെള്ളരിക്കുണ്ട്      
മലയോര ഹൈവേ നിർമാണ പ്രവർത്തനങ്ങൾക്ക് വേഗത കൂടി. വനമേഖലയിലും തടസങ്ങളില്ല. ആദ്യ റീച്ചായ ചെറുപുഴ- കോളിച്ചാൽ വരെയുളള ഭാഗത്ത് കാറ്റാംകവല, ചുള്ളി, മരുതോം തുടങ്ങിയ സ്ഥലങ്ങളിലായി 3.100കിലോമീറ്റർ ഭാഗത്താണ് വനഭൂമിയുള്ളത്. വനനിയമം അനുസരിച്ച് ഒരു ഹെക്ടറിൽ അധികം സ്ഥലം വിട്ടുനൽകാനോ, 200ൽ അധികം മരങ്ങൾ മുറിച്ച് മാറ്റാനോ കേന്ദ്ര വനംവകുപ്പിന്റെ അനുമതി വേണം. സാങ്കേതികമായി ഇതിന് സമയം എടുക്കുമെന്നതിനാൽ റോഡ് നിർമാണം തടസപ്പെടുമോയെന്ന ആശങ്കയിലായിരുന്നു മലയോര ജനത. എന്നാൽ, ഈ പ്രദേശത്തെ വനമേഖലയിലൂടെയുള്ള റോഡിൽ 12 മീറ്റർ വീതിയിൽ പൊതമരാമത്ത് വകുപ്പിന് സ്ഥലം ഉള്ളതിനാൽ റോഡ് പ്രവർത്തി തടസമില്ലാതെ നടക്കും. കഴിഞ്ഞ ദിവസം പൊതുമരാമത്ത്, വനംവകുപ്പ് അധികൃതർ പ്രാഥമിക പരിശോധന നടത്തി ഇത് ഉറപ്പുവരുത്തി. ആവശ്യമായ അനുമതി സംസ്ഥാന വനംവകുപ്പിന് നൽകാൻ സാധിക്കും. റോഡ് നിർമാണം തുടങ്ങിയപ്പോൾ വനമേഖലയിൽ സാങ്കേതിക പ്രശ്നം മൂലം താൽക്കാലികമായി പണി നിർത്തിയിരുന്നു. ആദ്യറീച്ചിൽ  ചെറുപുഴ മുതൽ കോളിച്ചാൽ വരെ 30.377കിലോമീറ്റർ റോഡ് നിർമാണത്തിനാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി  82കോടി രൂപ അനുവദിച്ചത്. ഇത് 77 കോടിരൂപയ്ക്ക് ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് കരാറെടുത്തത്. ഇതിൽ മെക്കാഡാം ടാറിങ് പൂർത്തിയാക്കിയ നല്ലോമ്പുഴ മുതൽ 25 വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം കഴിച്ചുള്ള ഭാഗമാണ് നവീകരിക്കുക.12മീറ്റർ വീതിയിലാണ് റോഡ് നവീകരണം. ഇതിൽ മലമ്പ്രദേശത്ത്‌ ചെങ്കുത്തായ കയറ്റിറക്കങ്ങളിലും,വളവുകളിലും 14മീറ്റർ വരെ വീതിയെടുക്കും.ഏഴ് മീറ്റർ ടാറിങ്ങും ഇരുഭാഗങ്ങളിലും ഓവുചാലുകളും നിർമ്മിക്കും. 28 കിലോമീറ്റർ റോഡിൽ 70 കലുങ്കുകൾ പുതുതായി നിർമ്മിക്കും.കോളിച്ചാൽ,മാലോം,വള്ളിക്കടവ്,ചിറ്റാരിക്കൽതുടങ്ങി ഹൈവേ കടന്നു പോകുന്ന  മലയോരത്തെ പ്രധാന ടൗണുകളിൽ എല്ലാം പൂർണമായും ടാറിങ്‌ ചെയ്യും.
ആവശ്യമായ സ്ഥലങ്ങളിൽ ഡിവൈഡറുകളം,വളവുകളിലും കവലകളിലുമായി 40 സോളാർ ലൈറ്റുകളും സ്ഥാപിക്കും.മലയോര ഹൈവേയുടെ പൂർത്തീകരണത്തോടെ കിഴക്കൻ കുടിയേറ്റ മലയോര ഗ്രാമങ്ങളുടെ  പുരോഗതിക്കാണ് തുടക്കമാകുക.കൂടാതെ യാത്രാസൗകര്യം അന്യമായിരുന്ന നിരവധിയായ ആദിവാസി ഊരുകളിലും അത് പുതിയ മാറ്റങ്ങൾക്ക് കാരണമാകും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top