26 November Tuesday

വേണം; അള്ളങ്കോടിൽ നല്ലൊരു പാലം

ടി കെ പ്രഭാകരകുമാർUpdated: Sunday Nov 24, 2024

അപകടാവസ്ഥയിലായ അള്ളങ്കോട് കടവിലുള്ള പാലത്തിന്റെ അടിവശം

അജാനൂർ 
അജാനൂർ പഞ്ചായത്തിൽ ചിത്താരി പുഴയുടെ അള്ളങ്കോട്  കടവിലുള്ള പാലം  അപകടാവസ്ഥയിൽ. അള്ളങ്കോട് വാണിയമ്പാറ റോഡിലാണ് പാലമുള്ളത്‌. 
കോൺക്രീറ്റ് പാലത്തിന്റെ കൈവരി തകർന്നു. അരികുകളും ഇടിഞ്ഞുവീഴുകയാണ്. കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നു. പാലത്തിന്റെ അടിഭാഗത്തും കോൺക്രീറ്റ് തൂണുകളിലും വിള്ളലുണ്ട്. അപകട ഭീഷണിയുള്ളതിനാൽ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിന് നിയന്ത്രണമുണ്ട്. വലിയ വാഹനങ്ങളും ഭാരം കയറ്റിയ വാഹനങ്ങളും  ഇതിലൂടെ പോകാറില്ല. അത്യാവശ്യം ഓട്ടോകളും ബൈക്കുകളും മാത്രമാണ്‌ പോകുന്നത്‌.
ഇരു ഭാഗത്തുനിന്നുള്ള വലിയ വാഹനങ്ങൾക്ക് പാലത്തിന് സമീപം ഓട്ടം നിർത്തേണ്ടിവരുന്നു.  ഇപ്പോൾ ചെറിയ വാഹനങ്ങൾക്ക് പോകാൻ പോലും കഴിയാത്തത്ര ദുർബലമാണ് പാലമെന്ന് നാട്ടുകാർ പറയുന്നു. സ്‌കൂൾ കുട്ടികളടക്കം നിരവധി പേർ  പാലത്തിലൂടെ ദിവസവും നടന്നുപോകുന്നുണ്ട്.  മഴക്കാലത്ത് പുഴയിൽ വെള്ളം കുത്തിയൊലിക്കുകയും കര കവിയുകയും ചെയ്യുമ്പോൾ പാലത്തിലൂടെയുള്ള യാത്ര ചങ്കിടിപ്പ് കൂട്ടും.  
അജാനൂർ പഞ്ചായത്തിലെ രണ്ടാംവാർഡിനെയും മൂന്നാംവാർഡിനെയും ബന്ധിപ്പിക്കുന്ന പാലം കൂടിയാണിത്. നമ്പ്യാരടുക്കം, രാവണീശ്വരം, വാണിയംപാറ, തെക്കേപ്പള്ളം, അള്ളങ്കോട് പ്രദേശങ്ങളിലെ ജനങ്ങൾക്ക് കാഞ്ഞങ്ങാട് നഗരവുമായി എളുപ്പത്തിൽ ബന്ധപ്പെടാനും പാലം ഉപകരിക്കുന്നു. 35 വർഷം മുമ്പ് നാട്ടുകാർ പണം സ്വരൂപിച്ചാണ്  പാലം നിർമ്മിച്ചത്. കാലപ്പഴക്കം കാരണം പാലം തകർന്നുതുടങ്ങിയതോടെ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്  അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ പാലം വീണ്ടും അപകടാവസ്ഥയിലായതോടെയാണ് വാഹനഗതാഗതവും പ്രതിസന്ധിയിലായത്. 
ബേക്കൽ -തിരുവനന്തപുരം ദേശീയ ജലപാത പദ്ധതിയിൽ ഉൾപ്പെടുന്നതിനാൽ അള്ളങ്കോട്ട് പുതിയ പാലം ഉടൻ നിർമിക്കുമെന്ന പ്രതീക്ഷ നാട്ടുകാർക്കുണ്ടായിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ നിസഹകരണം കാരണം ജലപാത പദ്ധതി വൈകുന്നതിനാൽ കാത്തിരിപ്പ് നീളുന്ന സ്ഥിതിയാണ്‌.
പാലം അനിവാര്യം
അള്ളങ്കോട് കടവിൽ പുതിയ പാലം അനിവാര്യമാണ്. നിലവിലുള്ള പാലം തകർച്ചയുടെ വക്കിലാണ്‌. പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പാലത്തിന്റെ അരികുകൾ കരിങ്കല്ലുകൊണ്ട് കെട്ടിയുയർത്തിയിട്ടുണ്ടെങ്കിലും അടിഭാഗം ദ്രവിച്ചു. നവീകരണം നടത്തുന്നതിന് പഞ്ചായത്തിന് പരിമിതിയുണ്ട്. ജലപാത പദ്ധതിയിൽ ഉൾപ്പെടുമെന്നതിനാൽ മേജർ  ഇറിഗേഷൻ ഉദ്യോ​ഗസ്ഥർ അള്ളങ്കോട്ടെത്തി പരിശോധന നടത്തുകയും രൂപരേഖ തയ്യാറാക്കുകയും ചെയ്തതാണ്.  
ടി ശോഭ, പ്രസിഡന്റ് അജാനൂർ പഞ്ചായത്ത്
ജലപാത വരെ കാക്കാനാകില്ല
കാലപ്പഴക്കം കാരണം അപകടസ്ഥിതിയിലായ അള്ളങ്കോട്ട്‌ പുതിയ പാലം നിർമിക്കാൻ  ജലപാത വരുന്നതുവരെ കാത്തുനിൽക്കേണ്ടതില്ല. പുതിയ പാലം നിർമാണത്തിനുള്ള പ്രാരംഭനടപടി നടന്നുകൊണ്ടിരിക്കെയാണ്. ജലപാത പദ്ധതിയുടെ തുടർ പ്രവർത്തനം അനിശ്ചിതത്വത്തിലായത്.  പുതിയ പാലം വന്നാൽ രണ്ട് വാർഡുകൾക്ക് മാത്രമല്ല, സമീപവാർഡുകൾക്കും പ്രയോജനം ലഭിക്കും. 
കെ സബീഷ്, വൈസ് പ്രസിഡന്റ് അജാനൂർ ​ പഞ്ചായത്ത്
യാത്രാ സൗകര്യം മെച്ചപ്പെടും
അള്ളങ്കോട് കടവിൽ പുതിയ പാലം വന്നാൽ അജാനൂർ പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലുള്ള യാത്രാസൗകര്യം ഏറെ മെച്ചപ്പെടും. പ്രദേശത്തെ വിദ്യാർഥികളും തൊഴിലാളികളും സർക്കാർ ഉദ്യോ​ഗസ്ഥരും അടക്കമുള്ളവർക്ക് എളുപ്പത്തിൽ ന​ഗരത്തിലെത്തുന്നതിന് പാലം അത്യാവശ്യമാണ്. 
പി കൃഷ്ണൻ, സിപിഐ എം ചിത്താരി ലോക്കൽ സെക്രട്ടറി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top