മടിക്കൈ
സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാനുള്ള മാർഗം അവർ മികച്ച വിദ്യാഭ്യാസം നേടി സ്വയം പര്യാപ്തരാകുകയാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. മടിക്കൈ പഞ്ചായത്തിന്റെ ജെൻഡർ സ്റ്റാറ്റസ് പഠനം ജ്വലിത പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിത ഓഫീസ് പ്രഖ്യാപനവും സ്പീക്കർ നിർവഹിച്ചു. സ്ത്രീകൾക്ക് സമൂഹത്തിൽ അർഹമായ പ്രാതിനിധ്യവും അംഗീകാരവും ലഭിക്കണം. പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാൻ കഴിയണം. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിൽ കുടുംബശ്രീ വലിയ പങ്കുവഹിക്കുന്നുണ്ട്. വ്യത്യസ്ത മേഖലകളിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സ്ത്രീകൾക്ക് കുടുംബശ്രീയിലൂടെ സാധിക്കുന്നു. സ്പീക്കർ പറഞ്ഞു.
മടിക്കൈ പഞ്ചായത്ത് ജീവനക്കാരനായ തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അധ്യക്ഷയായി. കിലയുടെ സഹകരണത്തോടെ തയ്യാറാക്കിയ ലിംഗപദവി പഠന പുസ്തകം ജ്വലിത ആസൂത്രണ സമിതി അംഗം കെ സുജാത പരിചയപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം അബ്ദുൽ റഹ്മാൻ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ പി സത്യ, ടി രാജൻ, രമ പത്മനാഭൻ, പഞ്ചായത്തംഗങ്ങളായ എ വേലായുധൻ, ശൈലജ, സെക്രട്ടറി കെ ബിജു, കെ വി കുമാരൻ, സി പ്രഭാകരൻ, എം രാജൻ ബങ്കളം കുഞ്ഞികൃഷ്ണൻ, പി പി രാജു, ബി നാരായണൻ, വി വി ശാന്ത എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ സ്വാഗതവും എ രമണി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..