പള്ളിക്കര
പള്ളിക്കര പഞ്ചായത്ത് രണ്ടാം വാർഡംഗമായ (ഹദ്ദാദ്‌നഗർ) മുസ്ലീംലീഗ് പ്രതിനിധി അഹമ്മദ് ബഷീർ എന്ന ബഷീർ കുന്നിൽ അയോഗ്യനായി. തുടർച്ചയായി മൂന്നു മാസത്തിനുള്ളിലെ മൂന്നു യോഗങ്ങളിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് പഞ്ചായത്ത് അംഗത്വം സ്വമേധയാ നഷ്ടമായത്. കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണസംഘത്തിൽ ഭരണസമിതിയെയും അംഗങ്ങളെയും വഞ്ചിച്ച് സെക്രട്ടറി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മൂന്നാം പ്രതിയാണ് അഹമ്മദ് ബഷീർ. മാസങ്ങളോളം റിമാൻഡിൽ കഴിഞ്ഞ ഇദ്ദേഹം ഏതാനും ദിവസം മുമ്പാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഇതിനിടയിൽ നടന്ന ഭരണസമിതി യോഗങ്ങളിൽ പങ്കെടുക്കാത്തതിനാലാണ് അംഗത്വം നഷ്ടമായത്. ബഷീർ തുടർച്ചയായി മൂന്ന് യോഗത്തിൽ ഹാജരാകാത്ത വിവരം പഞ്ചായത്ത് സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്റെ അധ്യക്ഷതയിൽ ഭരണസമിതി യോഗം ചേർന്നു. രണ്ടാം വാർഡിന്റെ ചുമതല മൂന്നാം വാർഡിലെ എൽഡിഎഫ് അംഗം മൗവ്വൽ കുഞ്ഞബ്ദുള്ളക്ക് നൽകാൻ തീരുമാനിച്ചു. എന്നാൽ ഈ തീരുമാനം യുഡിഎഫ് അംഗങ്ങൾ അംഗീകരിക്കാതെ പഞ്ചായത്തംഗത്തിന്റെ അംഗത്വം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..