25 November Monday

ചില്ലറക്കാരനല്ല ഈ കണ്ടക്ടർ

ടി കെ പ്രഭാകരകുമാര്‍Updated: Friday Oct 25, 2024

കണ്ടക്ടർ പ്രദീപൻ

 

കാഞ്ഞങ്ങാട്‌

സ്വകാര്യ ബസ്സിൽ കണ്ടക്ടർ ജോലിയിൽ കണ്ണൂർ അത്തിക്കലിലെ എ പ്രദീപൻ(61) നാൽപത്തിരണ്ട്‌ വർഷം പിന്നിടുന്നു. അതിൽ 36 വർഷവും ഒരേ ബസ്സിൽ. ആറ്‌ വർഷമായി വിവിധ സ്വകാര്യബസുകളിൽ ജോലി ചെയ്യുന്ന പ്രദീപൻ നിലവിൽ കണ്ണൂർ –- കാസർകോട്‌ റൂട്ടിലോടുന്ന റെഡ്‌ റോസ്‌ ബസിലാണ്‌.  ബസിൽ യാത്രക്കിടയിൽ പരിചയപ്പെടുന്ന മിക്കവരും പ്രദീപന്റെ സുഹൃത്തുക്കളാണ്‌.  തിരക്കില്ലാ സമയത്ത്‌ സംസാരിക്കാൻ താൽപ്പര്യപ്പെടുന്ന യാത്രക്കാരോടെല്ലാം വിശേഷം ചോദിക്കും.  വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ യാത്രക്കാരോടും വിവേചനമില്ലാതെ പെരുമാറും. യാത്രക്കാർക്ക്‌ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുമ്പോൾ അവരെ സഹായിക്കും. 1982 മുതൽ 2018 വരെ കോഴിക്കോട് –- കാസർകോട് റൂട്ടിലോടിയിരുന്ന  സുഗന്ധി ബസിലെ സ്ഥിരം കണ്ടക്ടറായിരുന്നു പ്രദീപൻ.  കോഴിക്കോട്ടെ ആശുപത്രിയിൽനിന്നും ഡിസ്ചാർജായ ശേഷം സു​ഗന്ധി ബസിൽ കയറിയ രണ്ട് സ്ത്രീകളും കുട്ടികളും തലശേരിയിൽ ഇറങ്ങിയപ്പോൾ ഇവരുടെ പണമടങ്ങിയ പേഴ്സ് ബസിൽ മറന്നു.   20,500 രൂപയാണ് പേഴ്സിലുണ്ടായിരുന്നത്. തലശേരി സഹകരണ ബാങ്കിന്റെ ചൊക്ലി ശാഖയിൽ വായ്‌പ അടച്ചതിന്റെ രശീതും ബാഗിലുണ്ടായിരുന്നു. പ്രദീപൻ പിറ്റേ ദിവസം അവധിയെടുത്ത് ബാങ്കിലെത്തി അന്വേഷണം നടത്തി. വായ്‌പ അടച്ചത് തലശേരി സ്വദേശിനിയായ കെ ടി ചന്ദ്രിയാണെന്ന് മനസിലാക്കി. വായ്‌പ അടച്ച്‌ ബാക്കി തുകയാണ് പഴ്സിൽ സൂക്ഷിച്ചത്. പണമടങ്ങിയ ബാഗ് ചന്ദ്രിയെ തിരികെ ഏൽപ്പിച്ച ശേഷമാണ് പ്രദീപൻ ബസിൽ കയറിയത്.   സാധിക്കുന്ന ഏത് സഹായം ചെയ്യാനുള്ള അവസരവും ഇദ്ദേഹം പാഴാക്കാറില്ല. 

 ഒരുകാലത്ത് കാസർകോട്, കാഞ്ഞങ്ങാട് ഭാ​ഗങ്ങളിൽ നിന്ന് പത്രലേഖകർ വാർത്താകവറുകൾ കണ്ണൂരിലേക്കയച്ചിരുന്നത് സു​ഗന്ധി ബസിലായിരുന്നു. ബസുടമ മരിച്ചതോടെ ബസ് ഓട്ടം നിർത്തി. പിന്നീടാണ് പല ബസുകളിലായി പ്രദീപൻ കണ്ടക്ടർ ജോലി ചെയ്യുന്നത്.  കണ്ണൂർ ടൗണിൽ സിപിഐ എം മോട്ടോർ ലോക്കൽ അംഗമായ പ്രദീപൻ സിഐടിയുവിന്റെ  സജീവപ്രവർത്തകനാണ്. ഭാര്യ: അഴീക്കോടൻ പ്രമീള. മക്കൾ: പ്രണോയ്‌, പ്രണിമ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top